
തിരുവനന്തപുരം: കേരളം വളർച്ചയില്ലാത്ത അഴിമതി നിറഞ്ഞ സംസ്ഥാനമാണെന്ന വിമർശനമുന്നയിച്ച യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യു.പി.യിൽ നിന്ന് കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളോട് ചോദിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകി.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിൽ തേടി പോകുന്നത് ലോകത്തെവിടെയും തൊഴിൽ ചെയ്യാൻ അവർക്ക് പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 ശതമാനം ഉത്തർപ്രദേശിൽ നിന്നാണ്. അത് ജോലി കിട്ടാതെ നാടുവിടുന്നതു കൊണ്ടാണോ? അവർക്ക് ഇൻഷുറൻസ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭിക്കുന്നുണ്ട്.
2019ൽ നടത്തിയ കറപ്ഷൻ സർവേയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യു.പിയിലാണെന്ന് അവിടത്തെ ബി.ജെ.പി എംഎൽഎ തന്നെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.