
തിരുവനന്തപുരം: കുഭത്തിലെ പൂരവും പൗർണമിയും ഒന്നിക്കുന്ന നാളെ ആറ്റുകാൽ പൊങ്കാല. പരസഹസ്രം ഭക്തർ ഒന്നിച്ചു കൂടി പങ്കെടുത്തിരുന്ന പൊങ്കാല കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിലേക്ക് മാറി. ആറ്റുകാലമ്മയ്ക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണ് ഭക്തർ. രാവിലെ 10.50നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. നാളെ രാത്രി ഏഴിന് ചൂരൽകുത്തിനെ തുടർന്ന് പുറത്തെഴുന്നെള്ളിപ്പ് നടക്കും. പാമ്പാടി രാജൻ ദേവിയുടെ തിടമ്പേറ്റും. മേജർസെറ്റ് പഞ്ചവാദ്യവും സായുധ പൊലീസിന്റെ അകമ്പടിയും എഴുന്നെള്ളത്തിനുണ്ടാകും. 11ന് മടക്കിയെഴുന്നെള്ളത്ത്. ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന ക്ഷേത്രനട ശനിയാഴ്ച പുലർച്ചെ രണ്ടുവരെ ദർശനത്തിനായി തുറന്നിരിക്കും. വിളക്കുകെട്ടുകൾക്ക് ഈ സമയം നിയന്ത്രണത്തോടെ പ്രദക്ഷിണം അനുവദിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.