
ഇരിട്ടി : ഫേസ്ബുക്കിൽ വൈദികനെതിരേയുള്ള പോസ്റ്റുകൾ ഷെയർചെയ്തു എന്നാരോപിച്ച് യുവാവിനെ പള്ളിയിലേക്ക് വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം വികാരിയുടെ കാൽപിടിപ്പിച്ചുവെന്ന് ആരോപണം.യുവാവിനെ മാപ്പു പറയപ്പിച്ച ശേഷം വീഡിയോയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
ഇരിട്ടി കുന്നോത്ത് പള്ളി മുറിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. പള്ളിമേടയിൽ എത്തിച്ച യുവാവിനെ മർദ്ദിച്ച് മുറിയിൽ അടച്ചിട്ട ശേഷം കൈക്കാരനും വൈദികനും ഭാരവാഹികൾക്കുമിടയിൽ നിർത്തി കാലു പിടിപ്പിക്കുകയായിരുന്നുവത്രെ. ഈയാളിൽ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങുകയും ചെയ്തു.
കാൻസർ രോഗം പിടിപെട്ടു അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുന്നോത്ത് ഇടവകയിലെ 16 കാരന് ആചാരപ്രകാരമുള്ള ശുശ്രൂഷകൾ നൽകുന്നതിൽ വൈദികൻ വീഴ്ചവരുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.രോഗി ഉള്ള സ്ഥലത്ത് പോയി വൈദികൻ കർമ്മങ്ങൾ ചെയ്യണമെന്ന ആചാരത്തിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ആരോപണമുയർന്നിരുന്നു. മരണാസന്നനായ കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുവരുവാൻ വൈദികൻ ആവശ്യപ്പെട്ടുവെന്നും പലതവണ പറഞ്ഞിട്ടും എത്തിയില്ലെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഇതിനിടെ കുട്ടി മരിച്ചതിന് ശേഷം അന്ത്യകർമ്മങ്ങൾക്ക് വൈദികൻ എത്താത്തതിനെതിരെ കുട്ടിയുടെ പിതാവ് തലശ്ശേരി ബിഷപ്പിന് പരാതി നൽകിയിരുന്നു..
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിതാവ് സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുമായി പങ്കിട്ടിരുന്നു . ഇത് ചെയർ ചെയ്ത വാണിയപ്പാറയിലെ യുവാവിനെയാണ് കാലുപിടിപ്പിച്ച് മാപ്പു പറയപ്പിച്ചതായി ആരോപണമുയർന്നിരിക്കുന്നത്.