manhole

ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ 'സ്വിവറേജ് ' സംവിധാനം ഒരുക്കുന്നതിൽ വളരെ പിന്നാക്കം നിന്നപ്പോഴും കേരളത്തിലെ തിരുവനന്തപുരം ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അന്ന് 75 ച.കി.മീറ്റർ വിസ്‌തീർണം, 43 വാർഡുകൾ, അഞ്ച് സ്വിവറേജ് ബ്ളോക്കുകൾ, 4.5 ലക്ഷം ജനങ്ങൾ എന്നിവ മാത്രമുള്ളതായിരുന്നു തിരുവനന്തപുരം നഗരസഭ. ഉദ്ദേശം 40 ശതമാനം പ്രദേശത്ത് അന്ന് സ്വിവറേജ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് ദേശീയ ശരാശരിയിൽ നിന്ന് വളരെ കൂടുതലായിരുന്നു. ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളുടെ എണ്ണം 100 ആയും, ആകെ ജനസംഖ്യ 9.55 ലക്ഷമായും ഉയർന്നു. ഈ ഉയർച്ചക്കനുസൃതമായി 'സ്വിവറേജ് ' സംവിധാനം ഒരുക്കുന്നതിൽ നഗരസഭയും, സർക്കാരും വീഴ്ച വരുത്തി. ഇത് സാംക്രമിക രോഗങ്ങളും കൊതുകുജന്യരോഗങ്ങളും വൻതോതിൽ വർദ്ധിക്കാൻ കാരണമായി. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് സ്വിവറേജ് സംവിധാനത്തിന്റെ കുറവ് ക്ഷതമേൽപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഏറ്റവും വൃത്തിയില്ലാത്ത നഗരങ്ങളായി കണ്ടിരുന്ന ഇൻഡോർ (മദ്ധ്യപ്രദേശ്), സൂററ്റ് (ഗുജറാത്ത്), മുംബയ്, നവിമുംബയ് (മഹാരാഷ്ട്ര) എന്നീ നഗരങ്ങൾ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇപ്പോൾ മുൻനിരയിലാണെന്നത് നമ്മുടെ ഭരണനേതൃത്വം കണ്ണുതുറന്ന് കാണണം.

തിരുവനന്തപുരം നഗരസഭയിൽ ഇപ്പോൾ 9.55 ലക്ഷം ജനങ്ങൾ മാത്രമുള്ളപ്പോൾ മേൽ സൂചിപ്പിച്ച മുൻനിര നഗരങ്ങളിൽ 60 ലക്ഷം മുതൽ 1.08 കോടി വരെ ജനസംഖ്യയുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവിടെ 80 ശതമാനം മുതൽ 100 ശതമാനം വരെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. 2045-ാം വർഷം വരെയുള്ള ആവശ്യം മുൻകൂട്ടി കണ്ടാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മുംബയ് നഗരത്തി​ന്റെ ഹൃദയഭാഗത്താണ്. ഇതി​ന് 2.1 ചതുരശ്ര കി. മീറ്റർ വിസ്‌താരവും, 11 ലക്ഷത്തോളം ജനസംഖ്യയുമുണ്ട്. ഏറ്റവും കൂടിയ ജനസാന്ദ്രതയാണ് ഈ ചേരിക്കുള്ളത്. തിരുവനന്തപുരം നഗരസഭയ്‌ക്കുള്ളതിനേക്കാൾ ജനസംഖ്യ കൂടുതലുള്ള ആ ചേരിയിലെ 100 ശതമാനം വീടുകളും ആധുനിക സ്വിവറേജ് സംവിധാനത്തോട് ചേർക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഇതുകൊണ്ടു കൂടിയാണ് ഈ ചേരിയിൽ സമ്പർക്കം മൂലം കുതിച്ചുയരാൻ തുടങ്ങിയ കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചത്. മേൽപ്പറഞ്ഞ നഗരസഭാ പ്രദേശങ്ങളിൽ അത്യാധുനിക സ്വിവറേജ് സംവിധാനത്തിന്റെ മാസ്റ്റർ പ്ളാനും, എസ്റ്റിമേറ്റുകളും തയ്യാറാക്കിയത് യു.കെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളിലെ വിദഗ്ദ്ധരടങ്ങിയ ഒരു ഉപസമിതിയുടെ സേവനം പ്രയോജനപ്പെടുത്തിയാണ്. ഇതൊന്നും കേരളത്തിലെ ഭരണാധികാരികളും, നഗരസഭകളും അറിയുന്നില്ല എന്നത് ഖേദകരമാണ്.

തിരുവനന്തപുരം നഗരസഭയിലെ നിലവിലുള്ള സ്വിവറേജ് സംവിധാനം തികച്ചും അപര്യാപ്തമാണ്. കാലഹരണപ്പെട്ട സ്വിവറേജ് സംവിധാനം നഗരത്തിൽ ദുരിതം വിതയ്ക്കുന്നു. പമ്പിംഗ് സ്റ്റേഷനുകൾ, മാൻഹോളുകൾ, സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ളാന്റ്, പൈപ്പ് ലൈനുകൾ എന്നിവയിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം മൂലമുള്ള വായു - ജല- ഭൂമി മലിനീകരണം കുട്ടികൾക്കും, പ്രായമായവർക്കും ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു. ഇപ്പോൾ 9.55 ലക്ഷം ജനസംഖ്യയുള്ള ഈ നഗരപ്രദേശത്ത് 25 ശതമാനം സ്ഥലത്തുപോലും സ്വിവറേജ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല എന്നത് ലജ്ജാകരവും, ഖേദകരവുമായ അവസ്ഥാവിശേഷമാണ്.

തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണ് ചാക്ക, പെരുന്താന്നി വാർഡുകൾ ഉൾപ്പെട്ട 'സി' ബ്ളോക്ക്. ഇവിടെ 20 ശതമാനത്തോളം പ്രദേശത്തുമാത്രമേ സ്വിവറേജ് ഏർപ്പെടുത്തിയിട്ടുള്ളൂ. ഇത് തികച്ചും ജനദ്രോഹപരമായ നടപടിയാണ്. കഴിഞ്ഞ 40 വർഷമായി 'സി' ബ്ളോക്കിൽ സ്വിവറേജ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ അത് ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. അവസാനമായി, 2012ൽ 'ജൻറം" പദ്ധതിയുടെ കീഴിൽ 12.55 കോടി രൂപ ചെലവു വരുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ ശ്രമമുണ്ടായി. അതും പാതിവഴിയിൽ നിലച്ചു. സർക്കാരിന് വമ്പിച്ച സാമ്പത്തിക നഷ്ടവും പൊതുജനങ്ങൾക്ക് തീരാദുഃഖവും ബാക്കിയാക്കി ആ പദ്ധതി തടസപ്പെട്ടു. നിലച്ചുപോയ സ്വിവറേജ് പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കുന്നതിനു വേണ്ടിയുള്ള ഒരു പുതിയ പ്ളാനും എസ്റ്റിമേറ്റും കേരള വാട്ടർ അതോറിട്ടിയെക്കൊണ്ട് തയാറാക്കാനും, അത് നടപ്പിലാക്കാനും മുൻ മേയറായ കെ. ശ്രീകുമാർ ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായി പുതിയ മേയറും ഈ സംരംഭം പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി അറിയുന്നു. ഇതുപോലുള്ള പദ്ധതികൾക്കാണ് 'കിഫ്‌ബി"യി​ൽ നി​ന്നുള്ള ധനസഹായം മുൻഗണനാക്രമത്തി​ൽ ലഭ്യമാക്കേണ്ടത്. ധനമന്ത്രി​യുടെ ശ്രദ്ധയി​ൽപ്പെടുത്തി​യി​രുന്നെങ്കി​ൽ നി​ശ്ചയമായും അദ്ദേഹം ഇതി​ന് മുൻഗണന നൽകി​യേനെ. നഗരസഭ നടപ്പി​ലാക്കുന്ന പദ്ധതി​ക്ക്, 'കി​ഫ്ബി​" വായ്‌പയായി നൽകുന്ന തുക സമയബന്ധിതമായി തിരിച്ചടക്കാൻ സാധിക്കും. സ്വിവറേജ് സംവിധാനത്തിന് ചുമത്തുന്ന അധികം നികുതിപ്പണം, സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ഈ പദ്ധതികൾക്ക് നൽകുന്ന തുക, നഗരസഭ നൽകുന്ന ധനസഹായം എന്നിവയെല്ലാം തിരിച്ചടവിന് സഹായകമാകും. കേരള വാട്ടർ അതോറിട്ടി, എൽ.എസ്.ജി.ഡി, ഫിനാൻസ് വകുപ്പ്, നഗരസഭ എന്നിവയുടെ കൂട്ടായ പ്രയത്നവും സഹകരണവുമുണ്ടായാൽ 'സി' ബ്ളോക്ക് പ്രദേശത്തെയും തിരുവനന്തപുരത്തെ മറ്റ് ബ്ളോക്കുകളിലെയും, കേരളത്തിലെ ഇതര നഗരസഭകളിലെയും സ്വിവറേജ് പ്രശ്നത്തിന് അനായാസമായി പരിഹാരമുണ്ടാക്കാൻ സാധിക്കും. തുടക്കത്തിൽ 'സി" ബ്ളോക്ക് പ്രദേശത്തെ നിലച്ചുപോയ സ്വിവറേജ് സംവിധാനം പുനരാരംഭിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമം ഉണ്ടാകേണ്ടതാണ്.