
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ മൂതല, കല്ലടത്തണ്ണി പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന പരവൂർ സ്വദേശി വിജയകുമാറിന് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൂട്ടമായി വന്ന പന്നികൾ ബൈക്കിൽ സഞ്ചരിച്ചിരുന്ന വിജയകുമാറിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് വിജയകുമാറിന്റെ കാലിനും കൈകൾക്കും പരിക്കേൽക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ പാരിപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു വർഷം മുൻപ് നാവായിക്കുളത്തും സമാനരീതിയിൽ പന്നികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇളബ്രക്കോട് മുതൽ പോരേടം പളളിവരെ സൂചനാ ബോർഡുകൾ സ്ഥാപിക്കണം ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. കൂടാതെ പ്രദേശത്ത് കാർഷിക വിളകൾക്ക് വൻനാശമാണ് പന്നികൾ ഉണ്ടാക്കുന്നത്. കൊയ്യാൻ പാകമായ നിലങ്ങളിലും പച്ചക്കറി കൃഷിയും ഇവ രാത്രിയിൽ വലിയ നാശം വിതയ്ക്കുന്നുവെന്നാണ് കർഷകരുടെ പരാതി.