
നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു താനെന്ന് നടി മന്യ. നട്ടെല്ലിന് സർജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാൻ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷിയിലാണ് ഇപ്പോൾ കഴിയുന്നതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മന്യയുടെ കുറിപ്പ്:
മൂന്നാഴ്ച മുമ്പ്, എനിക്ക് പരിക്കേറ്റു. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്‌കാനിംഗിൽ മനസിലായി. അത് എന്റെ ഇടതു കാലിനെ ഏതാണ്ട് പൂർണമായും തളർത്തി. വേദന കൊണ്ട് ഇടതു കാൽ ഒട്ടും അനക്കാൻ പറ്റാത്ത അവസ്ഥ. ഇന്ന്, നട്ടെല്ലിൽ സ്റ്റിറോയിഡ് ഇഞ്ചെക്ഷനുകൾ എടുത്തു. അസ്വസ്ഥയായതിനാൽ അതിനു മുമ്പും ശേഷവും ഞാൻ സെൽഫി എടുത്തു. കൊവിഡ് കാരണം സന്ദർശകരെ അനുവദിക്കാത്തതിനാൽ ഞാൻ ഒറ്റയ്ക്കായിരുന്നു. പ്രാർത്ഥനകളോടെ വേദനയെ നേരിട്ടു. ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് വേദന കാരണം എനിക്ക് ഇരിക്കാനോ നടക്കാനോ നിൽക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനുമായി പരമാവധി ശ്രമിക്കുകയാണ്. ഈ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കുക. ജീവിതം ഹ്രസ്വവും അപ്രതീക്ഷിതവുമാണ്. എനിക്ക് ഇനി ഒരിക്കലും നൃത്തം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരുതി, പക്ഷേ ന്യൂറോ സർജൻ എന്നോട് പറഞ്ഞു, പതുക്കെ എനിക്ക് എന്റെ ശക്തി വീണ്ടെടുക്കാൻ കഴിയും. നട്ടെല്ലിന് സർജറി വേണ്ടി വരല്ലേ എന്നാണ് പ്രാർത്ഥന. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നിരുന്നാലും, സാവധാനം സുഖപ്പെടുത്തുന്നതിന് ദൈവത്തോട് വളരെ നന്ദി. ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. എനിക്കു വേണ്ടി പ്രാർത്ഥിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒരു വലിയ നന്ദി. എപ്പോഴും ഓർമ്മിക്കുക, ജീവിതം എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കും. പൊരുതുക. ഒരിക്കലും തോറ്റു കൊടുക്കരുത്.