vishnu-narayanan-nambooth

തിരുവനന്തപുരം: കവിതയിൽ കർപ്പൂരാരാധന നടത്തി സർഗാത്മകതയുടെ ശംഖധ്വനി മുഴക്കിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭൗതികദേഹം അഗ്നിനാളങ്ങളിൽ ലയിച്ചു.

പൂർണ ഒൗദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ച കഴിഞ്ഞ് 2.15ന് തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്കാരം.

പിതാവിന്റെ കുടുംബായ ശീരവള്ളി

തറവാട്ടിലെ ഇളം തലമുറക്കാരനായ സതീശൻ നമ്പൂതിരിയും കവിയുടെ ചെറുമക്കളായ ഗൗതമും നാരായണനും അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ഭാര്യ സാവിത്രിയും മക്കളും അടക്കമുള്ളവർ നിറകണ്ണുകളോടെ നിൽക്കെ വൈദ്യുത കനലുകൾ ആ പുണ്യശരീരം ഏറ്റുവാങ്ങി.

സാക്ഷ്യം വഹിച്ചവരുടെ മനസ്സിലേക്ക് ഓടിയെത്തിയത് 'ഒരു ജനനം, ഒരു മരണം' എന്ന കവിതയിൽ അദ്ദേഹം കുറിച്ച വാക്കുകളാണ് 'മൂകമായ് വാനിടം കുമ്പിട്ടു കേഴുന്നതുപോലെയായി '.

ഭൗതികദേഹം സ്വവസതിയായ തൈക്കാട് ശ്രീവല്ലിയിൽ നിന്നു രാവിലെ എട്ടു മണിയോടെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. ശിഷ്യഗണങ്ങളും ആരാധകരും അദ്ദേഹത്തിന്റെ കവിതകൾ ആലപിച്ചാണ് അന്ത്യപ്രണാമം അർപ്പിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവികളായ വി. മധുസൂദനൻനായർ, പ്രഭാവർമ്മ, മുരുകൻ കാട്ടാക്കട, എം.എൽ.എമാരായ സി. ദിവാകരൻ, മാത്യു ടി. തോമസ്, ഒ.

രാജഗോപാൽ, വി.കെ. പ്രശാന്ത്, കെ.സി. ജോസഫ്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ,​ മുൻ സ്പീക്കർ എം.വിജയകുമാർ, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ജെ.ആർ. പത്മകുമാർ, വി.വി. രാജേഷ്, ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഗായകൻ കൃഷ്ണചന്ദ്രൻ, പാലോട് രവി, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, മലയാളം മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

കേരളകൗമുദിക്കുവേണ്ടി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്. പ്രേംലാൽ, മാനേജർ (കളക്ഷൻസ്) എസ്. പ്രദീപ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

വർഷങ്ങൾക്കുമുമ്പ് കാശിയിൽ പോയി സ്വയം പിണ്ഡം വച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തിരുന്നതിനാൽ, തന്റെ മരണശേഷം മറ്റു കർമ്മങ്ങൾ ചെയ്യരുതെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു.