
കാലാവസ്ഥ കേരളത്തെ വേനലിന്റെ കാഠിന്യമറിയിച്ചു തുടങ്ങിയിട്ടുണ്ട് . തിരഞ്ഞെടുപ്പടുക്കുന്നു, ഇനിയങ്ങോട്ട് രാഷ്ട്രീയച്ചൂടിലും കേരളം എരിപൊരി കൊള്ളും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പോരിനെ ശ്രദ്ധേയമാക്കുന്ന ഘടകം കേരളത്തിൽ ഇതിനകം സംഭവിച്ചു കഴിഞ്ഞിരിക്കുന്ന അസാധാരണമായ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനമാകുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് കേരളത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ അസാധാരണമായ ധ്രുവീകരണം പ്രകടമായിത്തുടങ്ങിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായി, തീവ്രഹിന്ദുത്വത്തിന്റെ മുഖം പേറുന്ന ആർ.എസ്.എസിനാൽ നയിക്കപ്പെടുന്ന ബി.ജെ.പി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നു. തലസ്ഥാന ജില്ലയിലെ നഗരമദ്ധ്യത്തിലുള്ള നേമത്ത് തന്നെ അത് സംഭവിച്ചത് യാദൃശ്ചികമായിരുന്നില്ല. അതിന് ഒരു വർഷം മുമ്പ് തലസ്ഥാന കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് 35 സീറ്റുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയെയും യു.ഡി.എഫിനെയും ഞെട്ടിച്ചിരുന്നു. അതൊരു സൂചനയായിരുന്നു. അന്ന് കഷ്ടിച്ചാണ് ഇടതുപക്ഷം കോർപ്പറേഷൻഭരണം നിലനിറുത്തിയത്. പിന്നീട് പ്രബല സാമുദായിക പിൻബലത്തോടെ ഭാരതീയ ധർമ്മ ജനസേന എന്ന പുതിയ പാർട്ടി രൂപീകരണം കേരളത്തിലുണ്ടാവുകയും അത് എൻ.ഡി.എയുടെ ഭാഗമാവുകയും ചെയ്തതോടെ, എൻ.ഡി.എയ്ക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൃത്യമായ രാഷ്ട്രീയ ധ്രുവീകരണം സാധിച്ചെടുക്കാനായി.
ആ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ ധ്രുവീകരണ ചിത്രം കൃത്യമായി നമ്മോട് വിളിച്ചുപറയുന്നുണ്ട്. എൻ.ഡി.എ മുന്നണിയുടെ വോട്ട് ശതമാനം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 6.03 ശതമാനമായിരുന്നത് ഒറ്റയടിക്കാണ് 14.96 ശതമാനമായി കുതിച്ചുയർന്നത്. 8.93 ശതമാനത്തിന്റെ വർദ്ധനവ്. നേമത്ത് നിന്ന് അക്കാലത്തെ ബി.ജെ.പിയുടെ ജനകീയ പരിവേഷമുയർത്തിപ്പിടിച്ച നേതാവായ ഒ. രാജഗോപാൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ അവർ രണ്ടാമതെത്തി. മഞ്ചേശ്വരത്ത് തലനാരിഴയ്ക്കാണ് കെ. സുരേന്ദ്രന്റെ വിജയം വഴി മാറിപ്പോയത്. കേവലം 39 വോട്ടിന് ! പല ജില്ലകളിലും ബി.ജെ.പി- ബി.ഡി.ജെ.എസ് നേതൃത്വങ്ങളുടെ കൂട്ടുകെട്ട് അവരുടെ വലിയ സാന്നിദ്ധ്യം വിളിച്ചറിയിച്ചു.
അവിടെ നിന്നിങ്ങോട്ട് കേരളത്തിൽ ഒരു ത്രികോണ മുന്നണിപ്പോര് എന്ന പ്രതീതിയുണ്ടായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ൽ അതുണ്ടായി പലേടത്തും. സ്ഥാനാർത്ഥി നിർണയത്തിലൂടെ ജനശ്രദ്ധയാകർഷിക്കാൻ ബി.ജെ.പി കഠിനമായി യത്നിക്കുന്നു. 2019ൽ തൃശൂരിൽ താരപരിവേഷമുള്ള സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച ഓളം എത്രത്തോളമായിരുന്നെന്ന് നോക്കുക! ഇത്തവണത്തെ തിരഞ്ഞെടുപ്പ് പൂരത്തിന് കൊടി ഉയരും മുമ്പു തന്നെ ഇ. ശ്രീധരനെപ്പോലുള്ള ജനപ്രിയ ടെക്നോക്രാറ്റിനെ സ്വന്തം പാളയത്തിലെത്തിച്ച് ബി.ജെ.പി ഫ്ലോർ മാനേജ്മെന്റ് ഭംഗിയാക്കാൻ ശ്രമിക്കുകയാണ്. ശ്രീധരന്റെ ബി.ജെ.പി പാളയത്തിലേക്കുള്ള ചേക്കേറൽ പൊതുസമൂഹത്തിൽ പല തരത്തിലുമുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക് അതൊരു നേട്ടം തന്നെയാണ്. രാജ്യതലസ്ഥാനത്തെ കർഷകപ്രക്ഷോഭം, മോദി ആൻഡ് ടീമിന്റെ, കെട്ടിയുയർത്തിയ പ്രതിച്ഛായക്ക് വല്ലാതെ മങ്ങലേല്പിച്ചു എന്നത് നഗ്നയാഥാർത്ഥ്യം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പല തലങ്ങളിൽ നിലനിൽക്കുന്നെന്ന് അവസാനത്തെ ടൂൾകിറ്റ് വിവാദവും വിളിച്ചുപറയുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ചോദ്യചിഹ്നങ്ങളാകുന്നു. നിറംമങ്ങി നിൽക്കുന്ന ആ ഘട്ടത്തിൽ ഇ. ശ്രീധരനെ പോലൊരു ഭംഗിയുള്ള മുഖം കേരളത്തിൽ താമര വിരിയിച്ചെടുക്കാൻ ബി.ജെ.പിക്ക് മികച്ച വളമാണ്.
2016ലെ ഇടതുതരംഗം
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് കേരളം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. സോളാർ വിവാദവും ബാർകോഴ വിവാദവുമൊന്നും അന്ന് കെട്ടടങ്ങിയിരുന്നില്ല. അതിനിടയിലും ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രി നടത്തിയ ജനകീയ അദാലത്തുകളും മറ്റും ശ്രദ്ധ പിടിച്ചുപറ്റുന്നത് തന്നെയായിരുന്നു. ചില്ലറ നേട്ടങ്ങൾ, അതുണ്ടാക്കിക്കൊടുത്ത ഇമേജിൽ ഉമ്മൻ ചാണ്ടിക്കും പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, അവസാനകാലത്ത് സർക്കാർ കൈക്കൊണ്ട ചില വിവാദ ഉത്തരവുകൾ യു.ഡി.എഫ് പ്രതീക്ഷകളെ തട്ടിത്തെറിപ്പിക്കുക തന്നെ ചെയ്തു. മെത്രാൻ കായൽ വിവാദവും ആറന്മുള വിമാനത്താവള വിവാദവുമൊക്കെ ഇന്ന് അധികമാരും ഓർക്കുന്നുണ്ടോ എന്നറിയില്ല. അതിനോളം പോന്നതല്ലെങ്കിലും അതിനടുത്തെത്താൻ പോന്ന വിവാദങ്ങൾ ഇപ്പോഴുമുണ്ടാകുന്നു ഇടതുസർക്കാരിനെ കേന്ദ്രീകരിച്ച്. 2016ൽ ഇടതുപക്ഷം ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രയോഗിച്ച തന്ത്രം ഏതാണ്ട് അതേയളവിൽ തന്നെ യു.ഡി.എഫ് ഇന്ന് ഇടതിനെതിരെയും പയറ്റുന്നു. അതവിടെ നിൽക്കട്ടെ. 2016ലെ തരംഗത്തിൽ 2011ലെ 68 സീറ്റുകളെന്ന നിലയിൽ നിന്ന് ഇടതുപക്ഷം കുതിച്ചത് 91 സീറ്റുകളിലേക്കാണ്. 23 സീറ്റുകളുടെ വർദ്ധന. 72ൽ നിന്ന് യു.ഡി.എഫ് താഴ്ന്നത് 47ലേക്ക്. 25 സീറ്റുകളുടെ നഷ്ടം. പക്ഷേ വോട്ടുനിലയിലെ വ്യത്യാസം മറ്റൊരു ചിത്രമാണ് നമുക്ക് സമ്മാനിക്കുന്നത്. 2016ൽ ഇടതുമുന്നണിക്ക് ലഭിച്ചത് 43.48 ശതമാനം വോട്ട്. യു.ഡി.എഫിന് 38.81 ശതമാനവും. 2011ൽ ഇടതുമുന്നണിക്ക് ലഭിച്ചതാകട്ടെ 45.11 ശതമാനം . യു.ഡി.എഫിന് 45.78 ശതമാനവും. അതായത് 2011നേക്കാൾ ഇരുമുന്നണികൾക്കും വോട്ടുനില കുറയുന്നതാണ് കണ്ടത്. ഇതവർക്ക് സന്തോഷിക്കാൻ വക നൽകുന്നില്ല. ഇടതുമുന്നണിക്ക് 1.63 ശതമാനം കുറഞ്ഞപ്പോൾ യു.ഡി.എഫിന് ഒറ്റയടിക്ക് 6.97 ശതമാനമാണ് ഇടിഞ്ഞത്. രണ്ട് മുന്നണികളുടെയും വോട്ട് നഷ്ടം ബി.ജെ.പി മുന്നണിക്ക് നേട്ടമായെന്ന് ചുരുക്കം.
2011വരെ കേരളത്തിൽ ഇരുമുന്നണികളും തമ്മിലെ വോട്ടുവ്യത്യാസം 1- 2 ശതമാനം മാത്രമായിരുന്നു. 2011ൽ കേവലം 0.67 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ ഇരുമുന്നണികളും തമ്മിലുണ്ടായുള്ളൂ. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കഷ്ടിച്ചാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതും.
യു.ഡി.എഫ്- എൽ.ഡി.എഫ് പോരാട്ടം എന്ന ചിത്രം കേരളത്തിൽ മാറിയിരിക്കുന്നുവെന്ന് ചുരുക്കം. 2011ലെ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനത്തോളം വോട്ടുനില ഉയർത്തിയ ബി.ജെ.പി സൃഷ്ടിച്ച പുതിയ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് കൊണ്ടുവേണം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ നിരീക്ഷിക്കാൻ. 2016ൽ ചോർന്നത് കൂടുതലും യു.ഡി.എഫിന്റെ വോട്ടുവിഹിതമാണെന്ന് ഇടതുപക്ഷം ആശ്വസിക്കുന്നുണ്ടാകും. പക്ഷേ, ശബരിമല പ്രക്ഷോഭാനന്തരമുണ്ടായ ലോക്‌സഭാ, തദ്ദേശാദി തിരഞ്ഞെടുപ്പുകളൊന്നും അവർക്കും അത്രകണ്ട് ആശ്വാസം പകരുന്നില്ല.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനം ഏത് തരത്തിലുള്ള പ്രത്യാഘാതമാകും സൃഷ്ടിക്കുക എന്നതിന് ഉത്തരം തേടൽ കൂടിയാകുന്നു വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.