mulla

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കന്റോൺമെന്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്ത് സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് സി.പി.എം നടത്തുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിനെ ബി.ജെ.പിയും സഹായിക്കും. 30 ൽ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി ജയിക്കുമെന്ന പാർട്ടി അദ്ധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്. സ്വപ്ന ലോകത്തിരുന്ന് ആർക്കും എന്തും പറയാമെന്നും ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും യു.ഡി.എഫും പൂർണസജ്ജമാണ്. ശുഭപ്രതീക്ഷയും തികഞ്ഞ ആത്മവിശ്വാസവുമാണ് കോൺഗ്രസിനുള്ളത്. റെക്കാഡ് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും. സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമികഘട്ട ചർച്ചകൾ പൂർത്തിയായി. ബാക്കി ചർച്ചകൾ ത്വരിതഗതിയിൽ പൂർത്തിയാക്കും. ഒരു മണ്ഡലത്തേയും കോൺഗ്രസ് നിസാരമായി കാണുന്നില്ല. ജനസ്വീകാര്യതയും വിജയസാധ്യതയുമുള്ള സ്ഥാനാർത്ഥികളെയായിരിക്കും മത്സരരംഗത്തിറക്കുക. സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾ, മഹിളകൾ, ന്യൂനപക്ഷ പിന്നാക്ക, അവശ ദുർബല വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അർഹമായ പരിഗണന നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.