shahsi-tharoor

 പ്രതീകാത്മക പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവ് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് തൊഴിലാളികളുടെ പ്രതിഷേധം. ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ (ആക്‌ടെൽ) നേതൃത്വത്തിൽ ഏജീസ് ഓഫീസിനു മുന്നിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്കായിരുന്നു പ്രതീകാത്മക ഓട്ടോ റാലി. വിവിധ യൂണിറ്റുകളിൽ നിന്ന് തൊഴിലാളികൾ എത്തിച്ച നൂറുകണക്കിന് ഓട്ടോകൾ അണിനിരന്ന പ്രതിഷേധം ശശി തരൂർ ഉദ്‌ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റത്തിൽ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണെന്നും ജനങ്ങളെ പിഴിയാൻ ഇരുസർക്കാരുകളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളോടും പാവപ്പെട്ടവരോടും ഇടതുസർക്കാരിന് പ്രതിബദ്ധയുണ്ടെങ്കിൽ ഉമ്മൻചാണ്ടി സർക്കാരിനെ മാതൃകയാക്കി പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറയ്ക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിലാക്കണമെന്നും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓട്ടോ റാലി. ആക്‌ടെൽ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ, ഓട്ടോ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പുത്തൻപള്ളി നിസാർ, ആർ.എസ്. വിമൽ കുമാർ, വെട്ടുറോഡ് സലാം, ജയൻ തമ്പാനൂർ, മഞ്ചയിൽ റാഫി, വി. ലാലു, ആര്യനാട് രാധാകൃഷ്ണൻ, അനി, ജോയി, ഷിജു, കരകുളം ശശി, വട്ടപ്പാറ സനൽ, എ.എസ്. ചന്ദ്രപ്രകാശ്, ഷമീർ വള്ളക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.