s

തിരുവനന്തപുരം: സർക്കാരിനു കീഴിലുള്ള സ്വതന്ത്ര ട്രാൻസ്പോർട്ട് കമ്പനിയായ കെ.എസ്.ആർ.ടി.സി- സ്വിഫ്ടിന്റെ ആസ്ഥാനവും സൂപ്പർ ക്ലാസ് ബസ് ടെർമിനലും മന്ത്രി എ.കെ ശശീന്ദ്രൻ ആനയറയിൽ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങളെന്നും അതിന് തൊഴിലാളികളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സ്വിഫ്ടിനെ കെ.എസ്.ആർ.ടി.സിയുടെ ലാഭകേന്ദ്രമാക്കുകയാണ് ലക്ഷ്യം. പത്തു വർഷത്തിലധികം ജോലിചെയ്ത താത്കാലികക്കാരെ സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ദീർഘനാളായുള്ള തന്റെ ആഗ്രഹമാണ് ആനയറയിൽ ബസ് ടെർമിനൽ തുറന്നതിലൂടെ സാക്ഷാത്കരിച്ചതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്വിഫ്ട് ലോഗോ കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ,​ സ്വിഫ്ട് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ, നാറ്റ്പാക്ക് ഡയറക്ടർ ഡോ. സാംസൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.

എൻ.എച്ചിൽ 96 സർവീസ്, എം.സി റോഡിൽ 40

പുതിയ സൂപ്പർ ക്ലാസ് ബസ്‌ ടെർമിനലിൽ നിന്ന് ഇന്നു മുതൽ എറണാകുളം വഴിയും കോട്ടയം വഴിയും ഓരോ മണിക്കൂർ ഇടവിട്ട് സർവീസുകൾ ഉണ്ടാകും. ദേശീയപാത വഴി 96 സർവീസും എം.സി റോഡ് വഴി 40 സർവീസുകളുമാണ് നടത്തുക. ആനയറയിൽ നിന്ന് എം.സി റോഡ് വഴി പോകുന്ന ബസുകൾ രണ്ടു റൂട്ടിലായിരിക്കും. ആക്കുളം, ഉള്ളൂർ, കേശവദാസപുരം, വെഞ്ഞാറമൂട് വഴിയും കഴക്കൂട്ടം, വെട്ടുറോഡ്, വെഞ്ഞാറമൂട് വഴിയും. തമ്പാനൂരിൽ നിന്ന് സർവീസ് തുടങ്ങുന്ന ദീർഘദൂര ബസുകൾ ഇനി ആനയറ വഴിയും, വിമാനത്തിന്റെ സമയക്രമം അനുസരിച്ച് അതു വഴിയും സർവീസ് നടത്തും.