തിരുവനന്തപുരം: എരുമക്കുഴിയിലെ മാലിന്യക്കൂമ്പാരം നീക്കി സൗന്ദര്യവത്കരിച്ചതിന്റെ പണം അനുവദിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ തർക്കം. മൂന്ന് മുന്നണിയിലെയും കൗൺസിലർമാർ വാദ പ്രതിവാദങ്ങളിൽ ഉറച്ചുനിന്നതോടെ വോട്ടെടുപ്പ് നടത്തിയാണ് അജൻഡ പാസാക്കിയത്.
പാർക്കിൽ ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ നടത്തിയതിന് ചെലവായ ഒമ്പത് ലക്ഷത്തിലേറെ രൂപയിൽ അഡ്വാൻസ് തുക നൽകിയതിന് ശേഷമുള്ള 7.58 ലക്ഷം രൂപ കോർപ്പറേഷനിലെ തന്നെ ഇലക്ട്രീഷ്യന് കൈമാറുന്നതിനുള്ള അനുമതിയാണ് കൗൺസിലിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു അവതരിപ്പിച്ചത്. എന്നാൽ പാർക്ക് നവീകരണത്തിന് ഒരു ഉദ്യോഗസ്ഥന് അഡ്വാൻസ് തുക അനുവദിച്ചതും ബാക്കി പണം ഉദ്യോഗസ്ഥന് ചെലവഴിക്കാൻ അനുമതി നൽകിയതും നിയമപരമല്ലെന്ന് ബി.ജെ.പിയിലെ തിരുമല അനിൽ ചൂണ്ടിക്കാട്ടി. എരുമക്കുഴി നവീകരണത്തോട് യോജിക്കുന്നു, അതിന് ചട്ടവിരുദ്ധമായ വഴി സ്വകരിച്ചത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബി.ജെ.പി കൗൺസിലർമാരായ എം.ആർ. ഗോപൻ, മധുസൂദനൻ നായർ, പി. അശോക് കുമാർ, യു.ഡി.എഫ് അംഗങ്ങളായ ജോൺസൺ ജോസഫ്, പി. പദ്മകുമാർ എന്നിവർ ഈ അജൻഡ അടുത്ത കൗൺസിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എൽ.ഡി.എഫിൽ നിന്നും പി.കെ. രാജു, രാഖി രവികുമാർ, എസ്. സലിം, ഡി.ആർ. അനിൽ, മേടയിൽ വിക്രമൻ തുടങ്ങിയവർ പ്രതിരോധവുമായെത്തി. ഏറെ പ്രശംസ നേടിയ പദ്ധതിയെ തടസപ്പെടുത്തത് ശരിയല്ലെന്ന നിലപാട് അവർ സ്വീകരിച്ചു. തുടർന്ന് വോട്ടെടുപ്പിന് തീരുമാനിക്കുകയായിരുന്നു. 40 പേർ എതിർത്തെങ്കിലും 53 പേർ അനുകൂലിച്ചതോടെ അജൻഡ പാസാക്കി. ഭവന പദ്ധതിയുമായി ബന്ധപ്പെട്ടും ആരോപണങ്ങളുയർന്നു. രാഖി രവികുമാറും ബി.ജെ.പി അംഗം വി.ജി. ഗിരികുമാറും തമ്മിൽ ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ചെല്ലമംഗലം വാർഡിലെ കമ്മ്യൂണിറ്റി ഹാളിന്റെ താക്കോൽ സ്വകാര്യവ്യക്തിയാണ് സൂക്ഷിക്കുന്നതെന്നും ഇത് തിരികെ വാങ്ങണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 18 അജൻഡ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ രണ്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 52, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 18, മരാമത്തിന്റെ ഒരു അജൻഡ എന്നിവ പാസാക്കി. ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും ലഭിച്ച ഗുണഭോക്താക്കളുടെ പട്ടികയും കൗൺസിൽ അംഗീകരിച്ചു. കവി വിഷ്‌ണുനാരായണൻ നമ്പൂതിരി, മുൻ എം.എൽ.എ വി. രാഘവൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.