kerala-election-

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തേയെത്തിയ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ നെഞ്ചിടിപ്പിൽ മുന്നണികൾ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കത്തിന്റെ ബലത്തിൽ തുടർഭരണം സ്വപ്നം കാണുന്ന ഇടതു മുന്നണിയും, അതിനെ അട്ടിമറിക്കാൻ യു.ഡി.എഫും, സീറ്റെണ്ണവും വോട്ട് വിഹിതവും ഉയർത്തി നിർണായക മൂന്നാംശക്തിയാകാൻ എൻ.ഡി.എയും കിണഞ്ഞു ശ്രമിക്കവേ സംസ്ഥാനം രാഷ്ട്രീയച്ചൂടിന്റെ ഉച്ചസ്ഥായിയിലേക്ക്.

കണ്ണടച്ചുതുറക്കും വേഗത്തിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കണമെന്നതാണ് കക്ഷികളുടെ ആദ്യ വെല്ലുവിളി. സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന തൊഴിലില്ലായ്മാ സമരം ഇനിയും നീണ്ടാൽ രംഗം വഷളാകുമെന്നതിനാൽ മന്ത്രിതല ചർച്ചയിലൂടെ ഒത്തുതീർപ്പിന് സർക്കാർ അവസാനവട്ട ശ്രമം നടത്തുമ്പോൾ യൂത്ത് കോൺഗ്രസിന്റെ പിൻബലത്തിൽ സമരത്തിൽ നിന്ന് പരമാവധി നേട്ടമെടുക്കാനുള്ള തത്രപ്പാടാണ് യു.ഡി.എഫിന്. 91 സീറ്റുമായി ഇടതു മുന്നണിയെ കഴിഞ്ഞ തവണ അധികാരത്തിലേറ്റിയതിന്, യു.ഡി.എഫ് സർക്കാരിന്റെ അവസാനകാല വിവാദ തീരുമാനങ്ങളും ബാർകോഴ, സോളാർ വിവാദങ്ങളും രാസത്വരകമായിട്ടുണ്ട്. കരുതലോടെ നീങ്ങിയ ഇടതുസർക്കാർ ക്ഷേമാനുകൂല്യങ്ങൾ ശക്തിപ്പെടുത്തിയും പ്രളയങ്ങൾ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളെ സമചിത്തതയോടെ നേരിട്ടും ജനപ്രീതി സമ്പാദിച്ചാണ് നാലു വർഷം പിന്നിട്ടത്. കൊവിഡ്കാല പ്രതിരോധത്തിലും തുടക്കത്തിൽ പ്രകീർത്തിക്കപ്പെട്ട സംസ്ഥാന സർക്കാർ പെട്ടെന്നാണ് തുടരെത്തുടരെ വിവാദങ്ങളുടെ കുരുക്കിലായത്. ബ്രുവറി- ഡിസ്റ്റിലറി ഇടപാടിൽ കൈപൊള്ളുമെന്നായപ്പോൾ പിന്മാറിയ കൗശലം പിന്നീട് സ്പ്രിൻക്ലർ കരാറിലടക്കം പ്രകടിപ്പിക്കേണ്ടിവന്നു. സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിക്കൂട്ടിലായതോടെ വിവാദം പ്രതിപക്ഷം ആളിക്കത്തിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രിക്ക് പിന്നീട് ഏജൻസികളുടെ പോക്കിനെ തള്ളിപ്പറയേണ്ടിയും വന്നു. ക്ഷേമപെൻഷൻ ഉയർത്തിയും വൻ വികസനപദ്ധതികൾ അല്ലലില്ലാതെ പ്രഖ്യാപിച്ചും എല്ലാ വിഭാഗങ്ങളെയും കൈയിലെടുത്ത് സർക്കാർ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴാണ് ഉദ്യോഗാർത്ഥി സമരത്തിന്റെ അസ്വസ്ഥത. ഏറ്റവുമൊടുവിൽ ആഴക്കടൽ മീൻപിടിത്തത്തിന് സ്വകാര്യ കമ്പനിയുമായി കരാറേർപ്പെട്ടെന്ന ആരോപണ ഖഡ്ഗം അമ്പതോളം വരുന്ന തീരദേശ മണ്ഡലങ്ങളെ ലാക്കാക്കി യു.ഡി.എഫ് ആഞ്ഞുവീശുമ്പോൾ വിഷയത്തിന്റെ മാനം മനസ്സിലാക്കിത്തന്നെയാണ് വിവാദ ധാരണാപത്രങ്ങൾ റദ്ദാക്കിയുള്ള സർക്കാരിന്റെ തലയൂരൽ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വില്ലനായി മാറിയ ശബരിമല യുവതീപ്രവേശന വിധിയുടെ കാര്യത്തിലുൾപ്പെടെ എല്ലാം മറന്നുള്ള പിന്മാറ്റത്തിന് ഇടതുമുന്നണി തയ്യാറാകുന്നത് എന്തുവില കൊടുത്തും ഭരണം നിലനിറുത്താൻ മാത്രം. സർക്കാരിനെതിരെ ആരോപണ വേലിയേറ്റങ്ങളുണ്ടായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന യു.ഡി.എഫിന് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ ഫലം സംസ്ഥാന ഭരണത്തിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വേളയിൽ ശുഭസൂചനയല്ല. അതു തിരിച്ചറിഞ്ഞുള്ള ഉണർവ് നേതൃത്വത്തിലുണ്ടായതിന്റെ മാറ്റമാണ് തുടർന്നുള്ള അവരുടെ 'ആക്രമണോത്സുകത'യിൽ ദൃശ്യമാകുന്നത്. ഉദ്യോഗാർത്ഥി സമരത്തിലെന്ന പോലെ മത്സ്യത്തൊഴിലാളി വിഷയത്തിലും വലിയ ചാകര അവർ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിനെതിരായ ആരോപണ വിവാദങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ശബരിമല വിവാദങ്ങളുമടക്കം തുണയ്ക്കുമെന്നു കരുതുന്ന ബി.ജെ.പിയുടെ പ്രതീക്ഷകളെ ഉണർത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ ചില പോക്കറ്റുകളിലുണ്ടാക്കാനായ അപ്രതീക്ഷിത മുന്നേറ്റങ്ങളാണ്. ക്രൈസ്തവ സമൂഹത്തിനിടയിലുണ്ടാക്കുന്ന ചലനങ്ങളിലും അവർ പ്രതീക്ഷയർപ്പിക്കുന്നു. അതേസമയം ഇന്ധനവിലക്കയറ്റം അടക്കമുള്ളവ ബൂമറാങ് ആകുമോയെന്ന ശങ്കയുമുണ്ട്.

കണക്കുകളുടെ

കയറ്റിറക്കം

2016ൽ ഇരു മുന്നണികളുടെയും വോട്ടുനിലയിലുണ്ടായ കുറവ് ബി.ജെ.പി പൂളിലേക്ക് വഴിമാറിയെന്ന് വോട്ടുകണക്ക് സൂചിപ്പിക്കുന്നുണ്ട്. 2011ലേക്കാൾ ഇടതിന് 1.63 ശതമാനവും യു.ഡി.എഫിന് 6.97 ശതമാനവും കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് 8.93 ശതമാനം കൂടി. ആ കണക്കുകളുടെ കയറ്റിറക്കം ഇക്കുറി എത്രത്തോളമെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ ആകാംക്ഷാഭരിതമാക്കുന്നത്.