covid

 വിദേശത്ത് നിന്ന് വരുന്നവർക്ക് സൗജന്യം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന വ്യാപകമാക്കുന്നതിന് മൊബൈൽ യൂണിറ്റുകൾ ഇന്നുമുതൽ സജ്ജമാക്കാൻ സർക്കാർ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സൗജന്യമാക്കുകയും ചെയ്തു.

കുറഞ്ഞ ചെലവിൽ അതിവേഗത്തിൽ ഫലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔട്ട് സോഴ്സ്‌ മാതൃകയിൽ സ്വകാര്യ മൊബൈൽ ലാബുകളുടെ സഹകരണത്തോടെ ജില്ലാഭരണകൂടം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തിച്ച് പരിശോധന നടത്തും. പരിശോധന ഫലം 24 മണിക്കൂറിൽ ലഭ്യമാക്കും. 488 രൂപയാണ് നിരക്ക്.സംസ്ഥാനത്ത് ആകെ പരിശോധനകളിൽ 75ശതമാനം ആർ.ടി.പി.സി.ആറായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതിനുള്ള ലാബ് സൗകര്യങ്ങൾ കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ തീരുമാനം.ഇതിനായി സ്വകാര്യ ഏജൻസിക്ക് ടെൻഡർ നൽകി. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിച്ചില്ലെങ്കിൽ ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. മൂന്ന് മാസത്തേയ്ക്കാണ് കരാർ.1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. സർക്കാർ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെങ്കിലും ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി നിരക്ക് കൂട്ടി. ഈ സാഹചര്യത്തിലാണ് മെഡിക്കൽ സർവീസ് കോർപറേഷൻ ബദൽ സംവിധാനം

ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നു. എന്നാൽ ഉയർന്ന പരിശോധനാ ചെലവ് സാധാരണക്കാർക്ക് കടുത്തവെല്ലുവിളിയായി. മൊബൈൽ ലാബുകളുടെ വരവ് കൂടുതൽ പേർക്ക് ആശ്വാസമാകും.