viswas-metha

പ്രതിസന്ധികളിൽ സഹായിയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും ഏറ്റെടുക്കുന്ന ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രഅയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികൾക്ക് മുന്നിൽ നിശ്‌ചേഷ്ടനായി നിൽക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം സന്ദർഭങ്ങളിൽ സജീവമായി ഇടപെടാൻ തയ്യാറാണെന്ന് വിശ്വാസ് മേത്ത തെളിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദർഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് കേരളം ദത്തെടുത്തതാണ് വിശ്വാസ് മേത്തയെ. ചെറിയ കാലയളവാണ് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചതെങ്കിലും അതിദീർഘകാലം എന്ന പ്രതീതി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ സഹകരണം കഴിഞ്ഞ അഞ്ചു വർഷം സർക്കാരിന് ലഭിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പിതാവ് പ്രൊഫ. മേത്തയുടെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് വിശ്വാസ് മേത്ത മറുപടി പ്രസംഗം ആരംഭിച്ചത്. സിവിൽ സർവീസിന്റെ പടിയിറങ്ങുമ്പോൾ പശ്ചാത്താപങ്ങളൊന്നുമില്ലെന്ന് വിശ്വാസ് മേത്ത പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. കൃഷ്ണൻകുട്ടി, നിയുക്ത ചീഫ് സെക്രട്ടറി വി. പി. ജോയ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, മറ്റു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സ്വാഗതവും പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.