madhu-maathan

തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിൽ എയർ ഇന്ത്യ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങി. 28 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മധു മാത്തനാണ് ഇന്നലെ വിരമിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ചിറകരോട്ട് വീട്ടിൽ പരേതരായ ലീല മാത്യുവിന്റെയും സി.എം. മാത്യുവിന്റെയും മകനായ മധു മാത്തൻ എയർഇന്ത്യയുടെ 4500 വരുന്ന ക്യാബിൻ ക്രൂവിനെയാണ് കൊവിഡ് കാലത്ത് നയിച്ചത്. വന്ദേ ഭാരത് ദൗത്യത്തിലൂടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒൻപത് ലക്ഷത്തിലേറെപ്പേരെ നാട്ടിലെത്തിച്ചു. വന്ദേഭാരത് ദൗത്യത്തിൽ പങ്കാളികളായ എണ്ണൂറിലധികം ജീവനക്കാർക്ക് കൊവിഡ് പിടിപെട്ടിരുന്നു. വിമാനജീവനക്കാർക്ക് ആവശ്യമായ പി.പി.ഇ. കിറ്റുകൾ, മരുന്നുകൾ, അവരുടെ ക്വാറന്റൈൻ സൗകര്യം തുടങ്ങിയവയ്‌ക്കെല്ലാം ഇദ്ദേഹം മേൽനോട്ടം വഹിച്ചു. 1992ൽ എയർഇന്ത്യയിൽ ചേർന്ന മധു മാത്തൻ ദക്ഷിണ മേഖലാ സെയിൽസ് മാനേജർ, ഓസ്‌ട്രേലിയയിലെ ജനറൽ മാനേജർ, ഡൽഹി ആസ്ഥാനത്ത് മാർക്കറ്റിംഗ് ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലയോള സ്‌കൂൾ, ഗവ.ആർട്സ് കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.