
തിരുവനന്തപുരം: ഒന്നുകിൽ ഏപ്രിൽ പകുതിയോടെ. അല്ലെങ്കിൽ അതിനു ശേഷം. ഇങ്ങനെ കണക്കുകൂട്ടിയിരുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കു മീത ഇടിത്തീയായാണ് ഏപ്രിൽ ആറ് എന്ന തീയതി വന്നു പതിച്ചത്. ഇനിയിപ്പോൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇപ്പോഴത്തെ മട്ടിൽ ഇഴഞ്ഞാൽ പോരാ.
ആദ്യ റൗണ്ട് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ ഇടതുമുന്നണി അടുത്തയാഴ്ച തന്നെ ചേർന്ന് നടപടികൾ അന്തിമമാക്കിയേക്കും. സി.പി.എം അടക്കമുള്ള കക്ഷികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്കും കടക്കുകയാണ്. സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ അടുത്തയാഴ്ച നടന്നേക്കും. ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സീറ്റ്- സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളുടെ അന്തിമ ഷെഡ്യൂളുകളിൽ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.
.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളുടെ ഒരു റൗണ്ട് കൂടി ഇന്നലെ നടത്തിയ യു.ഡി.എഫ് നേതൃത്വം, രണ്ടു ദിവസങ്ങളിലായി മാരത്തൺ ചർച്ചകളിലൂടെ ഇക്കാര്യത്തിൽ അന്തിമ തീർപ്പിനൊരുങ്ങുകയാണ്. തിങ്കളാഴ്ച പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസുമായി ചർച്ച പൂർത്തിയാക്കിയ ശേഷം മൂന്നിന് യു.ഡി.എഫ് ചേർന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കും അന്നത്തെ യോഗത്തിൽ അന്തിമരൂപമാകും. കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾക്കായി തൊട്ടടുത്ത ദിവസം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ ഡൽഹിക്കു തിരിക്കും. മാർച്ച് 10നകം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
പി.ജെ. ജോസഫ് കൊവിഡ് ചികിത്സയിലായതിനാൽ അദ്ദേഹത്തിന്റെ പാർട്ടിയുമായി ഇന്നലെ നടത്താനിരുന്ന ഉഭയകക്ഷി ചർച്ച മാറ്റി. ആർ.എസ്.പി, കേരള കോൺഗ്രസ്- ജേക്കബ് വിഭാഗങ്ങളുമായി ഇന്നലെ ചർച്ച നടന്നു. കഴിഞ്ഞ തവണ അഞ്ചിടത്ത് മത്സരിച്ച ആർ.എസ്.പി ഇക്കുറി രണ്ട് സീറ്റുകൾ അധികം ചോദിച്ചു. കഴിഞ്ഞ തവണത്തെ ഒന്നിനു പുറമേ ഒരെണ്ണം അധികമായി ജേക്കബ് വിഭാഗവും ചോദിച്ചു. കഴിഞ്ഞ തവണ പാർട്ടിക്ക് അനുവദിച്ച തരൂർ അവസാനനിമിഷം കോൺഗ്രസിനു വേണ്ടി മടക്കിനൽകിയ കാര്യവും അവരോർമ്മിപ്പിച്ചു. എന്നാൽ, സീറ്റിന്റെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ പോലെ സ്റ്റാറ്റസ്കോ പാലിക്കണമെന്നാണ് ഇരുകൂട്ടരോടും കോൺഗ്രസ് ആവശ്യപ്പെട്ടത്.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയ് യാത്രാ സമാപനം മാർച്ച് ഏഴിനാണ്. പുതിയ സാഹചര്യത്തിൽ യാത്രാമദ്ധ്യേ തന്നെ ബി.ഡി.ജെ.എസ് അടക്കം ഘടകകക്ഷികളുമായി സീറ്റ് വിഭജനചർച്ച പൂർത്തിയാക്കാനാണ് നീക്കം. കോർകമ്മിറ്റിയും അതിനിടയിൽ ചേരും. യാത്ര അവസാനിച്ചാലുടൻ സുരേന്ദ്രൻ ഡൽഹിയിലെത്തി സ്ഥാനാർത്ഥി ചർച്ചയിലേർപ്പെടുമെന്നാണ് സൂചന.