
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന പകലിൽ വിജയപ്രതീക്ഷയുടെ കാഹളം മുഴക്കിയാണ് ഇന്നലെ നഗരത്തിൽ എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചത്. ' നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് 'എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തിയ ജാഥ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് നായനാർ പാർക്കിൽ സമാപിക്കുമ്പോൾ അണികളുടെ ആവേശകരമായ മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു അന്തരീക്ഷം. 4ന് വിഴിഞ്ഞത്തു നടന്ന സ്വീകരണത്തിന് ശേഷം ഡി.വൈ.എഫ്.ഐ - എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ നഗരത്തിലെത്തിച്ചേർന്നത്. എം.എം.വി സ്‌കൂളിന് സമീപത്തു കാത്തുനിന്ന നൂറുകണക്കിന് പ്രവർത്തകർ ജാഥാക്യാപ്ടൻ ബിനോയ് വിശ്വത്തെയും ജാഥാംഗങ്ങളെയും സ്വീകരിച്ച് തുറന്ന ജീപ്പിൽ ആനയിച്ചാണ് സമാപന വേദിയിലേക്ക് എത്തിച്ചത്. ഏറ്റവും മുമ്പിലെ അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നലായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ യുവജന സംഘടനാ പ്രവർത്തകർ പതാകയുമായി അണിനിരന്നു. പിന്നാലെ സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാൻഡ് മേളവുമായി റെഡ് വോളന്റിയർമാരും തൊട്ടുപിറകിലായി കേരളീയ വേഷത്തിൽ മുത്തുക്കുട അണിഞ്ഞ വനിതാ പ്രവർത്തകരും അണിനിരന്നു. ആവേശമുയർത്തുന്ന ശിങ്കാരി മേളത്തിന് പിറകിലായാണ് തുറന്ന ജീപ്പിൽ ജാഥാക്യാപ്ടൻ ബിനോയ് വിശ്വം സഞ്ചരിച്ചത്. പിറകിലായി നദി ഒഴുകുന്നതുപോലെ ചുവന്ന തൊപ്പി ധരിച്ച നൂറുകണക്കിന് പ്രവർത്തകരുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജാഥാക്യാപ്ടൻ ബിനോയ് വിശ്വത്തിന്റെയും ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് പ്രവർത്തകർ സ്വീകരണ ജാഥയിൽ പങ്കെടുത്തത്. സ്വീകരണ ജാഥ കടന്നുവന്ന വഴികളിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിക്കാൻ നൂറുകണക്കിന് പേർ വഴിയോരങ്ങളിൽ കാത്തുനിൽപ്പുണ്ടായിരുന്നു.