തിരുവനന്തപുരം : വരുന്ന സാമ്പത്തിക വർഷം കോർപ്പറേഷൻ പ്രതീക്ഷിക്കുന്ന വരുമാനത്തിൽ മുൻവർഷത്തെക്കാൾ നാലു കോടിയുടെ കുറവ്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയർ പി.കെ.രാജു അവതരിപ്പിച്ച ബഡ്ജറ്റിലാണ് പ്രതീക്ഷിത റവന്യൂ വരുമാനത്തിൽ കുറവുണ്ടായത്. കൊവിഡാനന്തര സാഹര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കുറവ് രേഖപ്പെടുത്തിയത്. 2020-21 കാലയളവിലേക്ക് അവതരിപ്പിച്ച ബഡ്‌ജറ്റിൽ പ്രതീക്ഷിത വരുമാനം 560 കോടിയായിരുന്നു. പിന്നീട് ഇത് 547 കോടി രൂപയായും പരിഷ്‌കരിച്ചു. നികുതി വരുമാനം, വാടക വരുമാനം, ഫീസ്, ഉപഭോക്തൃ നിരക്കുകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ പ്രതീക്ഷിക്കുന്നുമുണ്ട്. പൊതുവികസന ഫണ്ട് 74 കോടിയിൽ നിന്ന് 72 കോടി രൂപയായി കുറയുമെന്നാണ് കണക്ക്. ഫിനാൻസ് കമ്മീഷനിൽ നിന്നുള്ള അവാർഡും 86 കോടി രൂപയായി അതെ ഫണ്ടിൽ നിശ്ചയിച്ചിട്ടുണ്ട്.പ്ലാൻ ഫണ്ട് 21 കോടിയിൽ നിന്ന് 22 കോടി രൂപയായി ഉയരുമെന്ന് റവന്യൂ ഗ്രാന്റുകളും സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.