
തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ എൽ.ഡി.എഫിനും, എൽ.ഡി.എഫ് ജനങ്ങൾക്കും ഒപ്പമാണെന്നും,ആഴക്കടൽ മത്സ്യ ബന്ധനത്തിന്റെ പേരിലടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല രീതിയിൽ തന്നെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങാൻ ഇടതു മുന്നണിക്ക് കഴിയും. ഇക്കാര്യത്തിൽ തെല്ലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾ വ്യക്തമാക്കിയും പ്രതിപക്ഷത്തെ കണക്കറ്റ് ആക്രമിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ ദീർഘമായ പ്രസംഗം.
ചെയ്യാൻ പറ്റുന്നതേ ഇടതു മുന്നണി പറയൂ. പറയുന്നത് ചെയ്യും. ഇത് കേരളത്തിലെ ജനങ്ങളുടെ ബോദ്ധ്യമാണ്. ഈ ഭരണത്തിന് തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന് സർക്കാർ ആഗ്രഹിച്ചു. അത് ഈ നാടിന്റെ സംസ്കാരമാണ്. ജനങ്ങളുടെ വിഷമത്തിന് മുന്നിൽ നിസ്സഹായതയോടെ തലയ്ക്ക് കൈവച്ചിരിക്കുന്ന സർക്കാരല്ല ഇത്. പല ദുരിതങ്ങൾ വന്നപ്പോഴും എല്ലാം നേരിടാനും അതിജീവിക്കാനും കഴിഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് വലിയ സംതൃപ്തിയുണ്ടെന്ന് പ്രതിപക്ഷത്തിനറിയാം. അതിനാലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗവേഷണം നടത്തുന്നത്.പ്രതിപക്ഷ നേതാവ് നടത്തിയ ജാഥ അവസാനിക്കുന്ന ദിവസം കണക്കാക്കി , സർക്കാർ വലിയ തെറ്റ് ചെയ്തെന്ന മട്ടിൽ പ്രചാരണം നടത്തിയത് അതിനാലാണ്.
നടന്നത് ഒപ്പിടൽ നാടകം
ഫെബ്രുവരി രണ്ടിന് ഒരു ഒപ്പിടൽ നാടകമാണ് നടന്നത്.അത് സർക്കാർ മാത്രമല്ല, ആ കോർപ്പറേഷന്റെ ചുമതലയുള്ള സെക്രട്ടറി പോലും അറിഞ്ഞില്ല. അറിഞ്ഞപ്പോൾ, ഒരുനിമിഷം പോലും സ്തംഭിച്ചു നിൽക്കാതെ റദ്ദാക്കി. ധാരണാപത്രം ഒപ്പു വയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കാനും ചുമതലപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാൻ എം.ഡിയെ വിളിച്ച മാദ്ധ്യമപ്രവർത്തകയോട് സഭ്യമല്ലാതെ പെരുമാറിയെന്ന പരാതിയും പരിശോധിക്കും .പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ഒപ്പം നിന്നത് മത്സ്യത്തൊഴിലാളികൾക്ക് ബോദ്ധ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സി.പി.ഐ നേതാവ് ജി.ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. ജാഥാ കാപ്ടൻ ബിനോയ് വിശ്വം, എം.വി. ഗോവിന്ദൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ഘടകകക്ഷി നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ എം.പി, വി.സുരേന്ദ്രൻ പിള്ള,മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വി. ശിവൻകുട്ടി സ്വാഗതം പറഞ്ഞു.