തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 7നായിരുന്നു സംഭവം.
കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസാണ് തീപിടിച്ചത്. തമ്പാനൂർ ബസ് ടെർമിനലിൽ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇക്കാര്യം ഡ്രൈവറെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിറുത്തി. സംഭവമറിഞ്ഞ് ബസിലെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങി. ചിലർ ബസിന്റെ ജനാല വഴിയും പുറത്തുചാടി. അടിഭാഗത്ത് ചെറുതായി തീ കത്തിത്തുടങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് തീ അണയ്‌ക്കുകയായിരുന്നു. പിന്നീട് രാജാജി നഗർ ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാറ്ററി വച്ചിരിക്കുന്ന ഭാഗം പൂർണമായും കത്തിനശിച്ചു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസിലെ യാത്രക്കാർക്കായി മറ്റൊരു ബസ് ഏർപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.