
കുറ്റ്യാടി: ഒരു കാലത്ത് കൃഷി മാത്രമായിരുന്നു നമ്മുടെ നാട്ടിൻ പുറത്തെ ഉപജീവന മാർഗ്ഗം. നെൽ കതിരുകൾ കൊയ്‌തെടുക്കുന്നതും കാർഷിക ജോലികളും നാടിന്റെ ഉത്സവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പുത്തൻ തലമുറ ഇതിൽ നിന്നെല്ലാം മുഖം തിരിച്ച് പോകുമ്പോൾ പുതിയ തലമുറയ്ക്ക് പരിചയപെടുത്തുകയാണ് വട്ടോളിയിലെ ഒരു കൂട്ടം കർഷകർ.
ചാണകം കൊണ്ടു മെഴുകിയ മുറ്റത്ത് ഓല കൊണ്ട് വേർതിരിച്ച കളപുര, പാടത്ത് നിന്ന് കൊയ്‌തെടുക്കുന്ന നെൽകറ്റകളെ നിലവിളക്ക് കത്തിച്ച് വരവേൽക്കുക, പഴയ കാലങ്ങളിൽ ഗ്രാമാന്തരീക്ഷങ്ങളിലെ കളപുരകൾക്ക് മുന്നിൽ നിറഞ്ഞിരുന്ന കാഴ്ചകൾ ഇങ്ങനെയായിരുന്നു. നെന്മണികൾ പ്രത്യേകം തയ്യാറാക്കിയ പത്തായങ്ങളിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. വട്ടോളിയിലെ നെൽപാടങ്ങളിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർ തങ്ങളുടെ പൂർവികരുടെ പാരമ്പര്യം മറന്നിട്ടില്ല.
നെൽവയലുകൾ മണ്ണിട്ട് നികത്തുമ്പോഴും അന്നത്തിന്റെ വിലയറിഞ്ഞ കർഷകർ അവശേഷിക്കുന്ന നെൽപാടങ്ങളിലും ലാഭം ആലോചിക്കാതെ പണിയ്ക്ക് ഇറങ്ങുന്നുണ്ട്. കാലം തെറ്റിയെത്തിയ മഴയും കാലാവസ്ഥ വ്യതിയാനങ്ങളും നെൽപാടങ്ങളെ തളർത്തിയെങ്കിലും അവശേഷിക്കുന്ന പാടങ്ങളിൽ നിന്ന് കൊയ്‌തെടുത്ത നെൽകറ്റകളെ പാരമ്പര്യം നിലനിർത്തി കാർഷിക കുടുംബങ്ങൾ ഭവ്യതയോടെ നിലവിളക്ക് തെളിച്ച് വരവേൽക്കുന്നത് വട്ടോളിയിലെ ഗ്രാമാന്തരീക്ഷങ്ങളിൽ കാണാനാകും.