
പഴയങ്ങാടി: കൊവിഡ് കാലത്തെ ദുരിതത്തിൽ നിന്ന് പതുക്കെ കച്ചവട സ്ഥാപനങ്ങൾ ഉണരുമ്പോൾ അവരെ പിരിമുറുക്കത്തിലാക്കി ബ്ലേഡ് മാഫിയ. പഴയങ്ങാടി ടൗണിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും ബ്ലേഡ് മാഫിയയുടെ പിടിയിലാണ്. ഓരോ സ്ഥാപന ഉടമകൾക്കും ലക്ഷങ്ങളാണ് ഇവർ കൊടുക്കുന്നത്. മാസത്തിൽ 10 ശതമാനം വട്ടിപലിശയ്ക്ക് ആണ് തുക കൈമാറുന്നത്. ദിവസവും പിരിച്ചെടുക്കുന്ന തുക മാസ അവസാനം എത്തുമ്പോൾ പലിശ ഇനത്തിൽ കുറയ്ക്കുകയാണ് ചെയ്യുന്നത്. പൈസ പിരിക്കാൻ ബാങ്കുകളിലെ പിഗ്മികളെയും ഉപയോഗിക്കുന്നവർ ഉണ്ട്. കൊവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതിരുന്ന കച്ചവടക്കാരിൽ നിന്ന് അക്കാലത്തെ പലിശയടക്കം കൂട്ടിയാണ് ബ്ലേഡ് മാഫിയകൾ ആവശ്യപ്പെടുന്നത്. ഇങ്ങനെ ലക്ഷങ്ങൾ ആണ് ഓരോ വ്യാപാരിയും കൊടുക്കേണ്ടി വരുന്നത്. ഇവരിൽ നിന്ന് വീണ്ടും പണം ആവശ്യമുള്ളത് കൊണ്ട് തന്നെ ഇവരെ പിണക്കാൻ ആരും തയ്യാറല്ല. പലിശ കിട്ടാത്തതിന്റെ പേരിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ചില കച്ചവടക്കാർ ആത്മഹത്യയുടെ വക്കിലാണ്. കച്ചവടക്കാരിൽ നിന്ന് പ്രോനോട്ടും ബ്ളാങ്ക് ചെക്കുമാണ് ഇവർ ഗ്യാരണ്ടിയായി വാങ്ങുന്നത്. ഇത് കാണിച്ചാണ് ഭീഷണി. ഇതോടെ ചില വ്യാപാരികൾ പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.