
വ്യവസായത്തിന് മേലേ ഒരു പൈതഗോറസും വരില്ലെന്നാണ് ഈപി ജയരാജൻ സഖാവിന്റെ ആപ്തവാക്യം. ഉള്ളത് പറയണമല്ലോ, 'മാടപ്രാവ് ' ഈപി ജയരാജൻ സഖാവിന്റെ സാമീപ്യമാണ് പിണറായി സഖാവിന് എപ്പോഴുമൊരു ധൈര്യം. 'വ്യവസായമുണ്ടോ, ഈ വഴി കൊണ്ടുവരാൻ' എന്നെഴുതിയ ബോർഡും തൂക്കി പിണറായി സഖാവും ജയരാജൻ സഖാവും ഇരിപ്പ് തുടങ്ങിയിട്ട് കൊല്ലം അഞ്ചാവുന്നു.
വ്യവസായങ്ങൾ പലതും വന്നുപോകുന്നുണ്ട്. ഒന്നങ്ങോട്ട് ഒത്തുവരുമ്പോൾ ചെന്നിത്തല ഗാന്ധിയുടെ വിലാപം ഉയരും. അതോടെ വന്ന വ്യവസായം വന്ന വഴി മടങ്ങും, അല്ലെങ്കിൽ പിണറായി സഖാവ് നേരിട്ടിടപെട്ട് ശുപാർശ ചെയ്ത് മടക്കവണ്ടിയിൽ കയറ്റി വിടും. ചെന്നിത്തല ഗാന്ധി എന്തും വിളിച്ചുപറയുമെന്ന് ജയരാജൻ സഖാവിന് തീർച്ചയുണ്ടായിരിക്കെ, എത്രനാൾ ഇങ്ങനെ തുടരാനാവുമെന്ന് ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല. പക്ഷേ, പ്രതീക്ഷയാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടതെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നതിനാൽ ചെന്നിത്തലഗാന്ധിയെ പേടിപ്പിക്കാനായി സെക്രട്ടേറിയറ്റ് നടയിൽ ഒരു ഗുളികന്റെ കോലം കെട്ടിത്തൂക്കിയിട്ട് ജയരാജൻ സഖാവും പിണറായി സഖാവും കാത്തിരിപ്പ് തുടരാൻ തീരുമാനിക്കുകയുണ്ടായി.
'കാത്തിരുന്ന്, കാത്തിരുന്ന്, പുഴ മെലിഞ്ഞ് കടവൊഴിഞ്ഞ്, കാലവും കടന്നുപോയ്, വേനലിൽ ദലങ്ങൾ പോൽ...' എന്ന സിനിമാപ്പാട്ട് ഈ വേളയിൽ ജയരാജൻസഖാവ് മൂളിപ്പാട്ടായി പാടാറുള്ളത് ചെന്നിത്തല ഗാന്ധിയും ചില നേരങ്ങളിൽ കേൾക്കാറുണ്ട്. 'വാർത്താസമ്മേളനമൊന്നെങ്കിലും വേണം, മാറാതോരോ ദിനത്തിലും' എന്നുറച്ച് വിശ്വസിക്കുന്ന ചെന്നിത്തലഗാന്ധി പതിവായി വാർത്താസമ്മേളനം നടത്താൻ, ജയരാജൻ സഖാവിന്റെ കണ്ഠനാളത്തിൽ നിന്നുദ്ഭവിച്ച്, മറ്റുള്ളവരുടെ കർണപുടങ്ങളിലേക്ക് തുളച്ചുകയറി വരുന്ന അനല്പമായ ഈ സംഗീതത്തെയാണ് പ്രചോദനമാക്കാറെന്ന് കെ.പി.സി.സി സംസ്കാരസാഹിതിയുടെ ആളായ പാലോട് രവിജി നിരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്.
കാത്തിരുന്ന്, കാത്തിരുന്ന് കാലം കഴിക്കവേ ചില്ലറ വ്യവസായങ്ങൾ വന്ന് പോകാതിരുന്നിട്ടില്ല. അക്കൂട്ടത്തിലൊന്ന് ഈയിടെ വന്നുപെട്ട ഒരു കോടാലിയായിരുന്നു. അയ്യായിരം കോടി കടലിലിറക്കാം എന്ന അത്യാകർഷകമായ ഓഫറുമായി ഈസോഫ് ഡുയിംഗുകാരാരോ വന്നതാണ്. കടലിൽ കായം കലക്കിയിട്ട് കാര്യമില്ലല്ലോ മൊതലാളീ എന്നവരോട് ചോദിച്ചിരുന്നതായി മേഴ്സിക്കുട്ടി സഖാവ് പറയുന്നുണ്ട്. വാസ്തവമറിയില്ല. മൊതലാളി ആദ്യം കണ്ടത് മേഴ്സിക്കുട്ടി സഖാവിനെ തന്നെയായിരുന്നു. അത് ജയരാജൻസഖാവിന്റെ ശുപാർശയിന്മേലാണോയെന്ന് തീർച്ചയില്ല.
ഏതായാലും കടലിൽ 5000കോടി കലക്കാൻ നിന്നത് ദുരന്തമാകാൻ എല്ലാ സാദ്ധ്യതയും നിലനിൽക്കുന്നതിനാൽ വഴിയേ പോയ ധാരണാപത്രങ്ങളെല്ലാം റദ്ദാക്കുന്നത് തന്നെയാണ് ഉചിതമെന്ന തിരിച്ചറിവ് പിണറായി സഖാവിലുണ്ടായി. അല്ലെങ്കിൽ, കാൾമാർക്സ് പണ്ട് തോല്പിക്കാൻ പറഞ്ഞ ആ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മണി അങ്ങോട്ട് പോയി അടിക്കാൻ കാട്ടിയ ധൈര്യം പിണറായി സഖാവിനുണ്ടാവണം. അന്ന് ആ മണിയടിപ്പിച്ച ഐസക് സഖാവാണ് ഇവിടെയും കൂട്ടിനുണ്ടായിരുന്നത് എങ്കിൽ എങ്ങനെയെങ്കിലും ഈ ധാരണാപത്രങ്ങളെയും ഒരു കരയ്ക്കടുപ്പിച്ചേനെയെന്ന് ഇത്തരുണത്തിൽ ചിന്തിച്ച് പോകാതില്ല!
......................
നവോത്ഥാനം ഇന്ന് വരും, നാളെ പോവും. പക്ഷേ വോട്ട് അങ്ങനെയല്ല. അത് ഇന്ന് വന്നാൽ വന്നതാണ്. പോയാൽ പോയതും. അതുകൊണ്ട് നവോത്ഥാനത്തെ ചില താക്കോൽസ്ഥാനങ്ങളിൽ കൊണ്ടുപോയി തൃപ്പടിദാനം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം. കൊവി ഷീൽഡ് വാക്സിൻ ഇറങ്ങി എന്നുവച്ച് കൊവിഡിനെ പേടിക്കാതെ നടക്കാൻ പറ്റില്ലല്ലോ. പിണറായി സഖാവ് എല്ലാ വശങ്ങളും ചിന്തിച്ചിട്ടേ തീരുമാനമെടുക്കാറുള്ളൂ. അതുകൊണ്ടാണ് ശബരിമലയിൽ നവോത്ഥാനം തൽക്കാലം കയറേണ്ട എന്ന് തീരുമാനിച്ചത്. നവോത്ഥാന മൂല്യസംരക്ഷണ സമിതി ആ വികാരം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
....................................
പോണ്ടിച്ചേരിയിൽ പോയി വന്ന രാഹുൽമോനിൽ സംഭവിച്ച ചില ഭാവമാറ്റങ്ങൾ നമ്മളാരും ഗൗരവത്തിലെടുക്കുന്നില്ല. യഥാർത്ഥത്തിൽ, സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിൽ ഒന്ന് മാത്രമാണത്. ന.മോ.ജിയും ഷാ.ജിയും ഇനിയുമീ ഭൂമിയിൽ തുടരുന്നിടത്തോളം ഇപ്പുറത്താരെങ്കിലുമൊക്കെ അവശേഷിക്കുമോയെന്ന ആധി കലശലായാൽ ഏത് രാഹുൽമോനാണ് കടലിൽ ചാടാൻ തോന്നാതിരിക്കുക! അതുകൊണ്ട് മാത്രമാണ് മോൻജി വാടി കടപ്പുറത്ത് പോയി കടലിലേക്ക് ചാടിയത്. വീട്ടിലെ മക്കളെ ഓർത്തുപോയ ടീയെൻ പ്രതാപൻഗാന്ധി കൂടെച്ചാടാൻ കൂട്ടാക്കാതിരുന്നത്, പോണ്ടിച്ചേരിയൊന്നും ആ മനസിന്റെ ഉറക്കം കെടുത്താത്തത് കൊണ്ടായിരിക്കുമെന്ന് നമുക്കൂഹിക്കാം.
ഇ-മെയിൽ: dronar.keralakaumudi@gmail.com