
തിരുവനന്തപുരം: വനിതാസംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന ബിസിനസ് ആക്സിലറേഷൻ പ്രോഗ്രാമിലേക്ക്
മാർച്ച് എട്ടിന് മുമ്പായി രജിസ്റ്റർ ചെയ്യണം.
പ്രയാണ ലാബ്സിന്റെയും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും സഹകരണത്തോടെയാണ് ആറുമാസത്തെ വെർച്വൽ പ്രോഗ്രാം 'ഉഡാൻ' സംഘടിപ്പിക്കുന്നത്. ബിരുദധാരികളായ വനിതാസംരംഭകർ/ ബിരുദ കോഴ്സ് ചെയ്യുന്നവർക്കും ചെറുകിട ഇടത്തരം സംരംഭങ്ങളിൽ രണ്ടുവർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. രജിസ്ട്രേഷന് www.prayaana.org. ഫോൺ: 9742424981.
അമച്വർ നാടക സമിതികൾക്ക് 50 ലക്ഷം രൂപ ധനസഹായം
തൃശൂർ: കൊവിഡാനന്തര സാഹചര്യത്തിൽ സംസ്ഥാന അമച്വർ നാടക പ്രസ്ഥാനത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേരള സംഗീതനാടക അക്കാഡമി 50 ലക്ഷംരൂപ ധനസഹായം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 25 നാടക സംഘങ്ങൾക്കാണ് രണ്ട്ലക്ഷം രൂപവീതം ധനസഹായം ലഭിക്കുക. ഇതിനായി അമച്വർ നാടകസംഘങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് 10 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂർ 20 വിലാസത്തിൽ ഏപ്രിൽ 16നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasangeethanatakaakademi.in
പെൻഷൻകാർ ഫോം നൽകേണ്ടതില്ല
തിരുവനന്തപുരം: 2019 ജൂലായ് ഒന്നിന് മുമ്പ് വിരമിച്ചവർ പുതുക്കിയ പെൻഷൻ കിട്ടാൻ അവരുടെ വ്യക്തിപരമായ വിവരങ്ങൾ നിർദ്ദിഷ്ട ഫോമിൽ മൂന്നു കോപ്പി ട്രഷറിയിൽ സമർപ്പിക്കണമെന്ന നിർദ്ദേശം സർക്കാർ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കൂടികാഴ്ച മാറ്റിവച്ചു
തിരുവനന്തപുരം: സർക്കാർ ആയൂർവേദ കോളേജ് ആശുപത്രിയിൽ വികസന സമിതി മുഖേന ഒഴിവുള്ള ഒരു സാനിട്ടേഷൻ വർക്കർ(വനിത) തസ്തികയിൽ താത്ക്കാലിക (ദിവസവേതനാടിസ്ഥാനത്തിൽ) നിയമനം നടത്തുന്നതിന് മാർച്ച് ഒന്നിന് നിശ്ചയിച്ചിരുന്ന കൂടികാഴ്ച തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.
ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :സംസ്ഥാന സഹകരണ യൂണിയൻ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മാർച്ച് 1 മുതൽ 31വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻുള, പാല, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളേജുകളിലും ലഭ്യമാകും. എസ്.എസ്.എൽ.സിയോ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് 2021 ജൂൺ 1ന് 16 വയസ് പൂർത്തിയാകണം 40 വയസ് കവിയാനും പാടില്ല. അപേക്ഷകൾ മാർച്ച് 31ന് വൈകിട്ട് 4ന് മുമ്പായി സഹകരണ പരിശീലന കേന്ദ്രം,കോളേജ് പ്രിൻസിപ്പാളിന് ലഭ്യമാക്കണമെന്ന് സഹകരണ അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.