ponkala-arppikkunna-sakun

കല്ലമ്പലം: ഗ്രാമീണ മേഖലകളിൽ ദേവാലയങ്ങൾ ഒഴിവാക്കി വീടുകൾ ശ്രീകോവിലാക്കി അമ്മമാർ. ഇന്നലെ രാവിലെ 10.50 ഓടെ ആറ്റുകാൽക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം വീട്ടുമുറ്റത്ത് തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിൽ കുരവയോടെയും മന്ത്രോച്ചാരണങ്ങളോടെയും ഭക്തർ അഗ്നി തെളിച്ചു. വൈകിട്ട് 3.40 ഓടെ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ വീടുകളിലും പൊങ്കാല നിവേദിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വീടുകളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കി ഭക്തർ വൃതത്തിലായിരുന്നു. കൊവിഡെന്ന മഹാമാരിക്ക് ശമനമുണ്ടാകണേയെന്നും അടുത്ത വർഷം മുൻ കാലങ്ങളെ പോലെ ദേവീ സന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ കഴിയണമേയെന്നും ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം പേരും പൊങ്കാല നിവേദിച്ചത്. നാവായിക്കുളം, കരവാരം, പള്ളിക്കൽ, മടവൂർ, മണമ്പൂർ, ഒറ്റൂർ, ചെമ്മരുതി തുടങ്ങിയ പഞ്ചായത്തുകളിൽ രാവിലെ മുതൽ പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭക്തർ. അക്ഷരാർത്ഥത്തിൽ ഗ്രാമീണ മേഖലകൾ യാഗശാലയായി മാറി. അന്യ മതസ്ഥരും വീടുകളിലെത്തി പൊങ്കാല ചടങ്ങുകളിൽ പങ്കു ചേർന്നു. ദേവീ മന്ത്രങ്ങൾ ഉരുവിട്ടും കുരവയിട്ടും പൊങ്കാല മഹോത്സവം ഭക്തി നിർഭരമാക്കി നാട്ടുമ്പുറത്തെ അമ്മമാർ.