tikkaram-meena

 കൊട്ടിക്കലാശത്തിന് യോഗം വിളിക്കും

 പത്രിക സമർപ്പണം ഓൺലൈനായും

തിരുവനന്തപുരം: കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർ നിർഭയമായി പ്രവർത്തിക്കണമെന്നും മിണ്ടാപ്രാണികളായി ഇരിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നിർദ്ദേശം. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്യാൻ നോക്കിയാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. പുതുതായി വരുന്ന സർക്കാരിൽ നിന്ന് ഭീതിയുണ്ടായാലും ഇടപെടും. അക്കാര്യം ഉദ്യോഗസ്ഥർ അറിയിച്ചാൽ മതി. വോട്ടെടുപ്പ് സമയത്ത് പോളിംഗ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്താൽ 15 ലക്ഷം രൂപ സഹായം നൽകും. നേരത്തേ ഇത് രണ്ട് ലക്ഷമായിരുന്നു.

കൊവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്തുന്നതിനെപ്പറ്റി രാഷ്ട്രീയ പാർട്ടികളുടെ യോഗം വീണ്ടും വിളിക്കും. മതവും ജാതിയും പറഞ്ഞ് വോട്ട് പിടിക്കരുത്.

ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ല. നാമനിർദ്ദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം. കാഴ്ച പരിമിതർക്കായി ബ്രെയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തിലും ഒരു ഡമ്മി ബാലറ്റുണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാം. 45000 ഡമ്മി ബ്രെയിൽ സ്‌ളിപ്പുകൾ പ്രിന്റ് ചെയ്യും.

കൊവിഡ് ബാധിതർക്ക്

വോട്ട് അവസാനം

കൊവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിറുത്തി ഒരു മണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. മാസ്ക് ധരിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ല.

മൂന്ന് ക്യൂ

സ്ത്രീകൾ, പുരുഷന്മാർ, മുതിർന്ന പൗരന്മാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാസൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.

2.67 കോടി വോട്ടർമാർ

കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻജെൻഡർ വോട്ടർമാരും. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90,709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരും. 52,782 ബാലറ്റ് യൂണിറ്റുകളും 49,475 കൺട്രോൾ യൂണിറ്റുകളും 53,189 വിവി പാറ്റും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.