d

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ ചിപ്പിയും ആനിയും വീട്ടുമുറ്റത്ത് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. ആദ്യമായിട്ടാണ് വീട്ടിൽ പൊങ്കാലയിടുന്നതെന്ന് ചിപ്പി പറഞ്ഞു. ' അമ്പലത്തിന് അടുത്ത് പൊങ്കാലയിടുന്നതാണ് സന്തോഷം, അടുത്ത വർഷം എല്ലാം ശരിയാകട്ടെയെന്നാണ് പ്രാർത്ഥനയെന്നും ' ചിപ്പി പറഞ്ഞു. ചിപ്പിയും അമ്മ തങ്കവും അയൽവാസിയും കൂടിയാണ് കവടിയാറുള്ള വീട്ടിൽ പൊങ്കാല അർപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി വീട്ടിലാണ് പൊങ്കാല ഇടുന്നതെന്ന് ആനി പറഞ്ഞു. മുൻ വർഷങ്ങളിലൊക്കെ സുഹൃത്തുക്കളും പൊങ്കാലയിടാൻ വരാറുണ്ടെന്നും ആനി പറഞ്ഞു. ആനി ഇത്തവണ മക്കളായ ഷാരോൺ, റുഷിൻ, ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ് എന്നിവർക്കൊപ്പം കുറവൻകോണത്തെ വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ ഭാര്യ അനിത, മകൾ മാളവിക,​ അനിതയുടെ സഹോദരി അമ്പിളി എന്നിവർ കന്റോൺമെന്റ് ഹൗസിലും വി.എസ്. ശിവകുമാർ എം.എൽ.എയുടെ ഭാര്യ സിന്ധു,​ മകൾ ഗൗരി എന്നിവർ സ്വന്തം വീട്ടിൽ പൊങ്കാല അർപ്പിച്ചു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഇത്തവണ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മിയുടെ തമ്പാനൂരിലുള്ള വീട്ടിലാണ് പൊങ്കാല അ‌ർപ്പിച്ചത്.