
തിരുവനന്തപുരം: കൊവിഡ് കാലമല്ലെങ്കിൽ തന്നെയും, ഇനിയുള്ള തിരഞ്ഞെടുപ്പ് കാലങ്ങൾ സൈബർ പോരാട്ടത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ നിയമസഭാ തിരഞ്ഞെടുപ്പിനായി 'യുദ്ധമുറികൾ" (വാർ റൂം) സജ്ജമാക്കിക്കഴിഞ്ഞു. സി.പി.എമ്മിനും ഇടതുമുന്നണിക്കുമായി എ.കെ.ജി സെന്റർ കേന്ദ്രീകരിച്ച് രണ്ട് യുദ്ധമുറികളാണ് സർവസന്നാഹങ്ങളോടെ ഒരുങ്ങിയിരിക്കുന്നത്. സി.പി.എമ്മിന്റെ മേൽനോട്ട ചുമതല സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവിനും.
ഫേസ്ബുക്കും വാട്സ്ആപ്പും ട്വിറ്ററും ടെലഗ്രാമും ഇൻസ്റ്റഗ്രാമുമടക്കം ഉപയോഗിച്ചുള്ള പ്രചാരണതന്ത്രമാണ് അണിയറയിലൊരുങ്ങുന്നത്. സംസ്ഥാനതലം തൊട്ട് ബൂത്തുതലം വരെ സി.പി.എമ്മും ഇടതുമുന്നണിയും സോഷ്യൽമീഡിയ കമ്മിറ്റികൾക്ക് രൂപം നൽകും. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സോഷ്യൽമീഡിയ കൈകാര്യം ചെയ്യാൻ അതത് ജില്ലാകമ്മിറ്റികളുടെ കീഴിലുള്ള കോർകമ്മിറ്റികൾ പ്രവർത്തകരെ നിയോഗിക്കും. വാർഡുതലം വരെയുള്ള കമ്മിറ്റികൾ നിലവിൽ വന്നു. ഓരോ മണ്ഡലത്തിനുമാവശ്യമായ ടൂൾകിറ്റുകൾ അതത് സമിതികൾ തയാറാക്കും. സിറ്റിംഗ് മണ്ഡലങ്ങളിൽ വികസന നേട്ടങ്ങളും എതിരാളികളുടെ മണ്ഡലത്തിലെ പോരായ്മകളുമടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രചാരണസാമഗ്രികളാവും തയ്യാറാക്കുക.
എ.ഐ.സി.സിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കെ.പി.സി.സി ആസ്ഥാനത്ത് അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള യുദ്ധമുറി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർവസജ്ജമായിരുന്ന യുദ്ധമുറി കൂടുതൽ പടക്കോപ്പുകളോടെ മിനുക്കിയെടുക്കുകയാണ് സംഘം. ഫേസ്ബുക്കും വാട്സ്ആപ്പുമടക്കമുള്ള സമൂഹമാദ്ധ്യ വിനിമയശൃംഖലകളിലൂടെ കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികൾക്കുമുള്ള പ്രചാരണ ടൂൾകിറ്റുകൾ ഐ.ടി സെൽ തയാറാക്കും. 140 മണ്ഡലങ്ങളിലേക്കും യു.ഡി.എഫിന്റെ ചെറുടീമിനെയും സജ്ജമാക്കുന്നതാണ് പരിപാടി. ഐ.എൻ.സി കേരള എന്ന ഒഫിഷ്യൽ ഹാൻഡിലുകളിലൂടെയാവും സോഷ്യൽമീഡിയ കൈകാര്യം ചെയ്യുക. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചാരണം അനിവാര്യമാണെങ്കിലും സംഘടനാസംവിധാനത്തിന്റെ പിന്തുണയില്ലെങ്കിൽ പ്രയോജനപ്പെടില്ലെന്നാണ് സോഷ്യൽ മീഡിയ ടീമിന്റെ വിലയിരുത്തൽ.
യുദ്ധമുറിയെന്ന വാക്കിനെ ഒഴിവാക്കി ഡിജിറ്റൽ ഹൈടെക് പ്രചാരണസമിതിയെന്ന പേരിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രചാരണം. സോഷ്യൽമീഡിയയിൽ 6.80ലക്ഷം ഫോളോവേഴ്സുമായി എല്ലാ മുന്നണികളേക്കാളും മുന്നിലെന്ന അവകാശവാദമുയർത്തുന്ന ബി.ജെ.പി ടീം, കൺവീനർ എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും അവരവരുടെ ഫോട്ടോ വച്ച് ഉപയോഗിക്കാവുന്ന തരത്തിൽ പൊതുപോസ്റ്റർ ഇറക്കാനാണ് ബി.ജെ.പി തീരുമാനം. സോഷ്യൽമീഡിയയിൽ എതിരാളികൾക്കെതിരായ പ്രചാരണം കൊഴുപ്പിക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാവും ശ്രദ്ധിക്കുകയെന്ന് ജയശങ്കർ പറയുന്നു.