
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല വീട്ടിലൊരുക്കി സമർപ്പിക്കാൻ നടി ചിപ്പിക്ക് ആത്മവിശ്വാസം നൽകിയത് കേരളകൗമുദി വാർത്ത. വീടുകളിൽ പൊങ്കാല ഒരുക്കേണ്ടത് എങ്ങനെയെന്ന് ക്ഷേത്ര സഹമേൽശാന്തി ടി.കെ. ഈശ്വരൻ നമ്പൂതിരി വിവരിക്കുന്ന വാർത്ത ഭർത്താവ് എം. രഞ്ജിത്താണ് ചിപ്പിക്ക് കാണിച്ചുകൊടുത്തത്. കവടിയാർ 'രോഹിണി'യിൽ ചിപ്പിയും അമ്മ തങ്കവും പൊങ്കാല അടുപ്പൊരുക്കി.
ഒരുക്കങ്ങൾ തെറ്റാതിരിക്കാൻ 25ലെ 'കേരളകൗമുദി' പത്രം അടുത്തുവച്ചാണ് ഇരുവരും പൊങ്കാലയിട്ടത്. ക്ഷേത്രത്തിൽ സ്ഥിരമായി പൊങ്കാല അർപ്പിച്ചവരിൽ പലർക്കും വീടുകളിലിടാൻ മടിയായിരുന്നു. ഫലസിദ്ധി ഉണ്ടാകുമോ എന്നായിരുന്നു ആശങ്ക. എന്നാൽ, പണ്ടാര അടുപ്പ് ജ്വലിപ്പിക്കുന്ന സഹമേൽശാന്തി തന്നെ വീടുകളിൽ പൊങ്കാല അർപ്പിക്കാനുള്ള ആത്മവിശ്വാസം വാർത്തയിലൂടെ പകർന്നു കൊടുത്തപ്പോൾ അവർക്ക് സമാധാനമായി. സമൂഹ മാദ്ധ്യമങ്ങളിലൂടെയും വാർത്ത പ്രചരിച്ചിരുന്നു.
ഗണപതിക്ക് പടുക്കയിട്ട് നിലവിളക്ക് തെളിച്ച ശേഷമാണ് വീടുകളിൽ പൊങ്കാലയിട്ടത്. കുടുംബത്തിന്റെ മുഴുവൻ പങ്കാളിത്തവും പൊങ്കാലയ്ക്കുണ്ടായി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെ അവരവരുടെ ഭവനങ്ങളിലാണ് പൊങ്കാല നിവേദിച്ചത്.
''കേരളകൗമുദി വാർത്ത ഉപകാരമായി. സാഹചര്യം തിരിച്ചറിഞ്ഞ് വീടുകളിൽ പൊങ്കാല ഒരുക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു അത്''
- വി. ശോഭ, വൈസ് പ്രസിഡന്റ്,
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്