nooliyode

മലയിൻകീഴ്: വിളപ്പിൽശാല നൂലിയോട് ചേമ്പുപറമ്പ് ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പെട്രോൾ ഒഴിച്ച് തീ കത്തിച്ച നിലയിലാണ് ബൈക്കുകൾ.

നൂലിയോട് ചേമ്പുപറമ്പ് അജിത ഭവനിൽ ബാലചന്ദ്രന്റെ പുതിയ യമഹ എഫ്.സി ബൈക്ക്, നൂലിയോട് ചേമ്പുപറമ്പ് വീട്ടിൽ സനൽകുമാറിന്റെ ആക്ടിവ സ്കൂട്ടർ, നൂലിയോട് ചരുവിള പുത്തൻവീട്ടിൽ ബിജുവിന്റെ ബൈക്ക് എന്നിവയാണ് അഗ്നിക്കിരയായത്‌. വാഹന ഉടമകളായ മൂവരുടെയും വീടുകൾ ചേമ്പുപറമ്പ് വലിയ പാറയ്ക്ക് താ‌ഴ്‌വാരത്താണ്. ഇവിടേക്ക് വാഹനങ്ങൾ കടന്നു പോകില്ല. അതുകാരണം വർഷങ്ങളായി ഈ ക്ഷേത്രത്തിന് സമീപമുള്ള റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

വെള്ളിയാഴ്ച രാത്രി 10ന് പതിവുപോലെ വാഹനങ്ങൾ പൂട്ടി വച്ചശേഷം ഇവർ വീടുകളിലേക്ക് മടങ്ങിയിരുന്നു. രാത്രി ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് മൂന്ന് ബൈക്കും കത്തിയമരുന്നത് കണ്ടത്. ബാലചന്ദ്രൻ യുവമോർച്ച വിളപ്പിൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ്. രാഷ്ട്രീയവിരോധമാണോ ബൈക്ക് കത്തിക്കുന്നതിന് പിന്നിലെന്ന് സംശയിക്കുന്നതായി ബാലചന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.