
തൊടുപുഴ: ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന ഓൺലൈൻ ഇടപാട് വഴി സ്വകാര്യ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പണം തട്ടിയെടുത്തതായി പരാതി. തൊടുപുഴയിലുള്ള ഓൾറൈറ്റ് ഇവൻ മാനേജ്മെന്റ് ഗ്രൂപ്പിന്റെ പതിനായിരം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ 25 നാണ് സംഭവം. കാശ്മീർ അതിർത്തിയിൽ ജോലി നോക്കുന്ന ആർമി ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇവൻമാനേജ്മെന്റ് ഗ്രൂപ്പിന്റെ ഫോണിലേയ്ക്ക് വിളി വന്നത്. ഓൺലൈൻ വഴി പരസ്യം കണ്ടിട്ടാണ് വിളിക്കുന്നതെന്നും മേയ് 10 ന് തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് നടക്കുന്ന തന്റെ മകളുടെ പിറന്നാൾ സത്കാരത്തിന് പാർട്ടി നടത്തണമെന്നുമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. തുടർന്ന് തുകയും പറഞ്ഞ് ഉറപ്പിച്ചു. അഡ്വാൻസിനായി പണം അടയ്ക്കാൻ ഈവൻമാനേജ്മെന്റ് ഗ്രൂപ്പിന്റെ ഗൂഗിൾ പേ അക്കൗണ്ട് വിവരവും ഇവർ വാങ്ങിയിരുന്നു. തുടർന്ന് കൺഫർമേഷനായി അഞ്ചു രൂപ അയയ്ക്കാൻ ആർമി ഉദ്യോഗസ്ഥന്റെ മാനേജർ എന്ന് അവകാശപ്പെട്ട് വിളിച്ചയാൾ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അഞ്ചു രൂപ അയയ്ക്കുകയും തിരികെ 10 രൂപ ഇവൻമാനേജ്മെന്റ് ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ലഭിക്കുകയും ചെയ്തു. തുടർന്ന് തട്ടിപ്പുകാർ ഒരു മെസേജ് അയയ്ക്കുകയും കൺഫർമേഷൻ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൺഫർമേഷൻ കൊടുത്ത ഉടൻ തന്നെ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കപ്പെട്ടതായി ഇവൻമാനേജ്മെന്റ് ഗ്രൂപ്പ് ഉടമ രാഹുൽ പറയുന്നു. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ രീതിയിൽ സംസാരിച്ച് ഫോൺ കട്ടാക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇതു സംബന്ധിച്ച് തൊടുപുഴ പൊലീസിൽ ഇവൻമാനേജ്മെന്റ് ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.