
തിരുവനന്തപുരം: കുംഭത്തിലെ പൂരവും പൗർണമിയും ഒന്നിക്കുന്ന പ്രഭാതത്തിൽ അനന്തപുരി പതിവുപോലെ യാഗശാലയായില്ല. ആറ്റുകാലമ്മയ്ക്കുള്ള പ്രാർത്ഥനകൾ ഓരോ വീടിനു മുന്നിലെയും പൊങ്കാലക്കലങ്ങളിൽ തിളച്ചുപൊങ്ങി. ജലവും പുഷ്പവും അർപ്പിച്ച് പൊങ്കാല നിവേദിച്ചപ്പോൾ എല്ലാവരും ആത്മസംതൃപ്‌തി നേടി. അഖിലാണ്ഡേശ്വരിയെ മനസിൽ ധ്യാനിച്ചാണ് പൊങ്കാലക്കലങ്ങളിലെ തിളയ്‌ക്കുന്ന വെള്ളത്തിലേക്ക് ഭക്തർ ധാന്യമണികളർപ്പിച്ചത്. പൊങ്കാലയ്ക്കു പുറമെ തെരളി, മണ്ടപ്പുറ്റ് തുടങ്ങിയ വിഭവങ്ങളും നിവേദ്യമായി അർപ്പിച്ചു.
രോഗം പടരും കാലമാണെങ്കിലും പൊങ്കാല അർപ്പിച്ച് അചഞ്ചലമായ ഭക്തി തെളിയിക്കുകയായിരുന്നു എല്ലാവരും. കൊവിഡ് നിയന്ത്രണം പാലിച്ച് പൊങ്കാല അർപ്പിക്കുന്നതു സംബന്ധിച്ച് ജില്ലാഭരണകൂടം അറിയിപ്പുകൾ നൽകിയിരുന്നു. ക്ഷേത്രം ട്രസ്റ്റും ക്രമീകരണങ്ങൾ നടത്തി. ക്ഷേത്രത്തിൽ പണ്ടാര അടുപ്പിന് ചുറ്റും പതിവുപോലെ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും ജീവനക്കാരുമെത്തിയിരുന്നു. കുറച്ചുമാറി ഭക്തരെ കയറും ബാരിക്കേഡും കെട്ടി തടഞ്ഞിരുന്നു. എല്ലാവരും പൊങ്കാലയുടെ അറിയിപ്പിനായി കാത്തുനിന്നു. പുണ്യാഹത്തിനുശേഷം ആ മംഗളമുഹൂർത്തമെത്തി. പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതിന്റെ ദൃശ്യം സ്‌ക്രീനിൽ തെളിഞ്ഞു. ചെണ്ടമേളവും വെടിക്കെട്ടും ഉയർന്നു. വായ്‌ക്കുരവയും മന്ത്രങ്ങളുമായി ഭക്തർ കൈകൂപ്പി നിന്നു. നിയന്ത്രണങ്ങളോടെയായിരുന്നു ഭക്തർക്ക് ദർശന സൗകര്യം ഒരുക്കിയത്. താലപ്പൊലിയേന്തിയ ബാലികമാർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. അവർക്കൊപ്പം വന്ന വീട്ടുകാരെയും നിയന്ത്രണത്തോടെയാണ് അകത്തേക്ക് കടത്തിവിട്ടത്. വൈകിട്ട് നിവേദ്യം നടക്കുന്നതുവരെ ക്ഷേത്രനട അടച്ചില്ല. എത്തിയവർക്കെല്ലാം യഥേഷ്ടം ദർശനത്തിനുള്ള അവസരമുണ്ടായിരുന്നു.
രാത്രി ഏഴിന് നടന്ന ചൂരൽകുത്ത്, പുറത്തെഴുന്നള്ളത്ത് എന്നിവയിലും നിയന്ത്രണമുണ്ടായിരുന്നു. കുറച്ച് ഭക്തരാണ് എഴുന്നള്ളത്തിനെ അനുഗമിച്ചത്. പാമ്പാടി രാജൻ എന്ന കൊമ്പൻ തിടമ്പേറ്റിയപ്പോൾ പഞ്ചവാദ്യവും സായുധ പൊലീസും അകമ്പടിയായി. തട്ടനിവേദ്യം, പറ എന്നിവ ഒഴിവാക്കിയതിനാൽ മടക്ക എഴുന്നള്ളത്തിനും സമയകൃത്യത പാലിച്ചു. മണക്കാട് ശാസ്‌താ ക്ഷേത്രത്തിൽ ഇന്നലെ ആറാട്ട് ദിനമായിരുന്നു. ആറ്റുകാൽ ദേവിയെത്തി മടങ്ങേണ്ടതിനാൽ ആറാട്ട് രാത്രി വൈകിയാണ് നടത്തിയത്. പണ്ടാര അടുപ്പിലെ പൊങ്കാലയ്ക്കും എഴുന്നള്ളത്തിനും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ കെ. ശശിധരൻനായർ, ബി. അനിൽകുമാർ, കെ. ശിശുപാലൻനായർ, വി. ശോഭ, എം.എ. അജിത്കുമാർ, പി.കെ. കൃഷ്ണൻനായർ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രപരിസരത്തും നഗരത്തിലെ വിവിധ ഭാഗങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു. ക്ഷേത്രത്തിൽ ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവയുടെ സേവനവുമുണ്ടായിരുന്നു.