mullappally

തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും വർഗീയ കാർഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തീവ്രവർഗീയത ഇളക്കിവിടാനാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ശ്രമം. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ ഒന്നും പറയാനില്ലാത്തതിനാലാണ് ബി.ജെ.പി ലൗ ജിഹാദ് വിഷയം ഉയർത്തുന്നത്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോൺഗ്രസ് പരിഹരിക്കും.

സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന നുണപ്രചാരണമാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പരസ്പര ധാരണ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡൽ ധാരണ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. പി.സി. ജോർജിന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ല.

യു.ഡി.എഫിന്റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കി. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ആശുപത്രിയിലായതിനാലാണ് അവരുമായി ചർച്ച പൂർത്തിയാക്കാൻ സാധിക്കാത്തത്.

മാർച്ച് ആദ്യവാരം കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കും. നേമത്തും വട്ടിയൂർക്കാവിലും ഉൾപ്പെടെ ബി.ജെ.പിക്കും സി.പി.എമ്മിനും വെല്ലുവിളി ഉയർത്തുന്ന മികച്ച സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.