
ചേർത്തല: വയലാറിൽ ആർ.എസ്.എസ് മുഖ്യശിക്ഷക് നന്ദു ആർ.കൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തിൽ എട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ.
ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ ഗ്രാമപഞ്ചായത്ത് നാലം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾഖാദർ (52),എഴുപുന്ന ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വെളിംപറമ്പിൽ റിയാസ് (38), അരൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല മുനിസിപ്പൽ 30-ാം വാർഡ് വെളിചിറ ഷാബുദ്ദീൻ (49) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.
കൊലപാതകം, ആയുധം കൈവശം വയ്ക്കൽ, സംഘം ചേരൽ,ഗൂഢാലോചന തുടങ്ങി 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോറിൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെ നാഗംകുളങ്ങര കവലയിൽ സംഘർഷത്തിനിടെയാണ് ആർ.എസ്.എസ് മുഖ്യ ശിക്ഷക് നന്ദു ആർ.കൃഷ്ണ (22), കെ.എസ്.നന്ദു (23) എന്നിവർക്കു വെട്ടേറ്റത്. വയലാർ
ഗ്രാമപഞ്ചായത്ത് നാലാംവാർഡ് തട്ടാംപറമ്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകനായ നന്ദുകൃഷ്ണയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ഇന്നലെ വയലാറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചേർത്തലയിൽ നിന്നു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം കെ.എസ്.നന്ദു അപകടനില തരണം ചെയ്തു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു.
മരണകാരണം തലയ്ക്ക് പിന്നിലേറ്ര കുത്ത്
നന്ദു ആർ.കൃഷ്ണയുടെ മരണകാരണം തലയ്ക്കു പിന്നിൽ കഴുത്തിന് മുകളിലായി മൂർച്ച ഏറിയ ആയുധം കൊണ്ടുള്ള കുത്തേറ്റതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച പോസ്റ്റുമാർട്ടം 3.30നാണ് അവസാനിച്ചത്.
25 എസ്.ഡി.പി.ഐക്കാർ പ്രതികൾ
ചേർത്തല: വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് മുഖ്യശിക്ഷക് നന്ദു ആർ.കൃഷ്ണ വെട്ടേറ്റു മരിച്ച കേസിൽ പിടിയിലായ 8 പേരടക്കം 25 എസ്.ഡി.പി.ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേരെ ഓൺലൈൻ വഴി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.സംഭവ സ്ഥലത്തുനിന്നു മൂന്നു വാളുകൾ കണ്ടെത്തി. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതികളെല്ലാം പിടിയിലായ ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
24ന് രാത്രി എട്ടോടെ എസ്.ഡി.പി.ഐ- ആർ.എസ്.എസ് സംഘർഷത്തിനിടെയാണ് വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാംപറമ്പിൽ നന്ദു ആർ.കൃഷ്ണ വെട്ടേറ്റു മരിച്ചത്. സഹപ്രവർത്തകനായ കെ.എസ്.നന്ദുവിനും (23) വെട്ടേറ്റിരുന്നു. കൊലപാതകത്തെ തുടർന്ന് നടന്ന എട്ട് അക്രമങ്ങളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കേന്ദ്രമന്ത്റിമാരായ പ്രഹ്ലാദ് ജോഷിയും വി.മുരളീധരനും ഇന്നു രാവിലെ നന്ദുകൃഷ്ണയുടെ വീടു സന്ദർശിക്കും. കുമ്മനം രാജശേഖരൻ ഇന്നലെ വീട് സന്ദർശിച്ചിരുന്നു.
പ്രത്യേക സംഘം
കേസിന്റെ അന്വേഷണത്തിനായി അഡിഷണൽ എസ്.പി എ.നസീമിന്റെ മേൽനോട്ടത്തിൽ ചേർത്തല ഡിവൈ.എസ്.പി വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക സംഘത്തിന് രൂപംനൽകി.