
തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളെ യു.ഡി.എഫ് എതിർക്കുകയാണെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി എൽ.ഡി.എഫിന്റെ ചരിത്രം മറക്കുകയും മറയ്‌ക്കുകയും ചെയ്യരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജനോപകരപ്രദമായ പദ്ധതികളെ എതിർത്തതും തകർത്തതും സി.പി.എമ്മാണ്. അഴിമതിയിൽ മുങ്ങിയ ആഴക്കടൽ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യു.ഡി.എഫ് എതിർത്തത്.
സംസ്ഥാനത്തിന് 3500 കോടി രൂപ നിക്ഷേപമുള്ള വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതേക്കുറിച്ച് ജുഡിഷ്യൽ കമ്മിഷനെ വച്ചന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. റൺവെയുടെ നീളം കൂട്ടണം, കൂടുതൽ സ്ഥലമെടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണൂർ വിമാനത്താവളത്തെ എതിർത്തത്. പക്ഷേ അഞ്ച് വർഷം കിട്ടിയിട്ടും ചെറുവിരൽ അനക്കിയില്ല. സി.പി.എം ചില സംഘടനകളുമായി ചേർന്നാണ് ഗെയിൽ പദ്ധതിപ്രദേശത്ത് സമരം അഴിച്ചുവിട്ടത്.
സ്വാശ്രയ കോളേജിനെതിരെ അഴിച്ചുവിട്ട വൻപ്രക്ഷോഭത്തിലാണ് കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായത്. യു.ഡി.എഫ് ലക്ഷ്യമിട്ട 16 മെഡിക്കൽ കോളേജുകളിൽ 6 എണ്ണത്തെ ഇടതുപക്ഷം ഇല്ലാതാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമായി 2500 സർക്കാർ എം.ബി.ബി.എസ് സീറ്റുകൾ നഷ്ടപ്പെട്ടു. പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയപ്പോൾ ഇടതുപക്ഷം രംഗത്തുവന്നു. അധികാരത്തിലെത്തിയ ഇടതുസർക്കാർ കമ്മിറ്റിയെവച്ച് ജീവനക്കാരുടെ കണ്ണിൽ പൊടിയിട്ടു.
ജനസമ്പർക്ക പരിപാടിക്കെതിരെ അധിക്ഷേപിച്ചവർ തിരഞ്ഞെടുപ്പടുത്തപ്പോൾ മന്ത്രിമാരെ വച്ച് ഇതേ പരിപാടി നടത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.