protest

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും ഇന്നത്തെ മന്ത്രിതല ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു. ഈ ചർച്ചയിൽ തീരുമാനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഉദ്യോഗാർത്ഥികൾ.

ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുമെന്നും സി.പി.ഒ ഉദ്യോഗാർത്ഥികളുടെ പ്രതിനിധി വിഷ്ണു പ്രതികരിച്ചു.

ഇന്ന് രാവിലെ 11നാണ് മന്ത്രി എ.കെ ബാലനും ഉദ്യോഗാർത്ഥികളും തമ്മിലുളള ചർച്ച. നേരത്തെ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും എ.ഡി.ജി.പിയും നടത്തിയ ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ മന്ത്രി ഇന്ന് പരിശോധിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തും.

എൽ.ജി.എസ് റാങ്ക്ഹോൾഡേഴ്സ് നടത്തുന്ന സമരം 34 ദിവസവും സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 21 ദിവസവും പിന്നിട്ടു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആരംഭിച്ച നിരാഹാര സമരം 14 ദിവസം പിന്നിട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചർച്ചയ്ക്ക് വിളിച്ചത് ഉദ്യോഗാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഉദ്യോർത്ഥികളുടെ ആവശ്യം പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. വിദ്യാർത്ഥികൾ കുറവായ സ്‌കൂളുകളിലെ 2011 മുതലുള്ള അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ നടത്തുന്ന നിരാഹാര സമരം പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ അവസാനിപ്പിച്ചു.