photo

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിൽ സ്ഥാപിച്ച ചവർ കൂപ്പകൾ (മിനി എം.സി.എഫ്) നോക്കുകുത്തിയായെന്ന് ആക്ഷേപം. 'ശുചിത്വഭവനം, സുന്ദര ഭവനം' പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മ സേനയുടെ ചുമതലയിൽ സ്ഥാപിതമായ ചവറ് കൂപ്പകളാണ് കാഴ്ചവസ്തുവായത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ ചപ്പുചവറുകൾ ഇവിടെ നിക്ഷേപിച്ച് ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ റീസൈക്ലിംഗ് യൂണിറ്റിലേക്ക് മാറ്റുന്നതായിരുന്നു പദ്ധതി. എന്നാൽ, യഥാസമയം മാലിന്യ നീക്കം നടക്കാതായതോടെ പരിസരമാകെ മാലിന്യം നിറഞ്ഞ അവസ്ഥയാണ്.

പാളയം ജംഗ്‌ഷനിൽ നിന്ന് ഗേൾസ് സ്‌കൂളിലേയ്ക്ക് പോകുന്ന കുപ്പക്കോണം റോഡിൽ ചവറുകൂപ്പ അടച്ചതിനെ തുടർന്ന് മാലിന്യം നിറച്ച ചാക്കുകളും സഞ്ചികളും റോഡിന്റെ ഓരത്ത് നിക്ഷേപിക്കുന്നത് തുടർക്കഥയായിട്ടുണ്ട്. തെരുവ് നായ ശല്യവും കൊതുകും പെരുകാൻ ഇത് കാരണമായതായി നാട്ടുകാർ പറയുന്നു.

ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും സമീപിച്ചിട്ടും മാലിന്യം നീക്കം ചെയ്യാൻ നടപടിയുണ്ടായിട്ടില്ല. നഗരസഭയിൽ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് നെടുമങ്ങാട് ഏരിയാ സെക്രട്ടറി പ്രതാപൻ നായർ ആവശ്യപ്പെട്ടു.