pcj

തിരുവനന്തപുരം: പൂഞ്ഞാർ എം.എൽ.എ നടത്തിയ വർഗീയ പരാമർശത്തിലും ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി നടത്തുന്ന അധിക്ഷേപങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പി.സി. ജോർജിന്റെ കോലം കത്തിച്ചു. പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തി വരുന്ന നിരാഹാര സമരപ്പന്തലിന് മുന്നിലായിരുന്നു കോലം കത്തിച്ചത്. കഴിഞ്ഞദിവസം സമരപന്തലിൽ എത്തി പി.സി ജോർജ് നിരാഹാരമനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പൊന്നാട അണിയിച്ചിരുന്നു. സമരപ്പന്തലിൽ അഭിവാദ്യവുമായി എത്തിയ ഒരാൾ എന്ന നിലയിലാണ് പി.സി. ജോർജിന്റെ ഷാൾ സ്വീകരിച്ചതെന്ന് എൻ.എസ് നുസൂർ, റിയാസ് മുക്കോളി എന്നിവർ പറഞ്ഞു. പി.സി ജോർജ് സമരം അനുഷ്ഠിക്കുന്നവർക്ക് നൽകിയ ഷാൾ പ്രതിഷേധത്തിന്റെ ഭാഗമായി കോലത്തിൽ ചുറ്റി കത്തിച്ചു. റിജിൽ മാക്കുറ്റി അന്നുതന്നെ ഷാൾ നിരസിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, പി.നിധീഷ് ,ചിത്ര ദാസ്, വീണ എസ്. നായർ എന്നിവർ നേതൃത്വം നൽകി.