
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കുത്തക കമ്പനികൾക്ക് അനുമതി കൊടുക്കാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കുക, മത്സ്യത്തൊഴിലാളിദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ നടത്തി. വെള്ളിയാഴ്ച രാത്രി 12മുതൽ 24മണിക്കൂറായിരുന്നു ഹർത്താൽ.
നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരദേശമേഖലയിൽ മിക്കയിടങ്ങളിലും ഹാർബറുകൾ അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയും ഹർത്താലിന്റെ ഭാഗമായി. പ്രതിപക്ഷ സംഘടനകളെല്ലാം ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം കരാർ റദ്ദാക്കിയതിനാൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നീ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് വിട്ടുനിന്നു. ഹർത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് കോവളം എം.എൽ.എ എം.വിൻസന്റ് വിഴിഞ്ഞത്ത് സത്യാഗ്രഹം നടത്തി.
മത്സ്യമേഖല സംരക്ഷണ സമിതി രക്ഷാധികാരികളായ ടി.എൻ. പ്രതാപൻ എം.പി, ചെയർമാൻ ജോസഫ് സേവ്യർ കളപ്പുരക്കൽ, വർക്കിംഗ് ചെയർമാൻമാരായ അഡ്വ. കെ.കെ. രാധാകൃഷ്ണൻ, ഉമ്മർ ഒട്ടുമ്മൽ, ട്രഷറർ നൗഷാദ് തോപ്പുംപടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കടലോര - കായലോര ഹർത്താൽ പൂർണം
ആലപ്പുഴ: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും കെ.എസ്.ഐ.ഡി.സിയുമായി ഒപ്പിട്ട ധാരണാപത്രവും ചേർത്തല പള്ളിപ്പുറത്ത് ഫാക്ടറി നിർമ്മാണത്തിന് അനുവദിച്ച നാല് ഏക്കർ ഭൂമിയുടെ അനുമതിപത്രവും പൂർണ്ണമായും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കടലോര - ഉൾനാടൻ മേഖലയിൽ ധീവരസഭയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മത്സ്യവിപണനക്കാരും ഹർത്താലിൽ പങ്കെടുത്തെന്ന് ധീവരസഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി വി. ദിനകരനും പറഞ്ഞു.