vijayaraghavan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നുണകളുടെ പെരുമഴ പെയ്യിച്ചാലും എൽ.ഡി.എഫിന്റെ തുടർഭരണത്തെ തടയാൻ യു.ഡി.എഫിനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ നടന്ന പ്രതിനിധി സമ്മേളനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കൂടുതൽ ശിഥിലമാകും. എല്ലാ മേഖലകളിലും വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച ഇടത് സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ മതേതരമനസ് കൊതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്രം കുറിക്കും കഴിഞ്ഞ ഇടത് സർക്കാരിന് നഷ്ടപ്പെട്ട തുടർ ഭരണം ഇക്കുറി സാദ്ധ്യമാകും. മുൻകാലങ്ങളിൽ ഇടതുസർക്കാരുകൾക്ക് ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചാണ് പിണറായി സർക്കാർ മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. ഇരു സമ്മേളനങ്ങളിലും കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ, സ്വാഗതസംഘം വൈസ് ചെയർമാൻ സി. ജയൻബാബു, കെ.സി. ഹരികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എൻ.ടി ശിവരാജൻ, സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ തുടങ്ങിയവർ സംസാരിച്ചു.