lorry

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ആനയറ വേൾഡ് മാർക്കറ്റിൽ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ ലോറികൾ ജീവനക്കാർ തടഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് പൊങ്കാലയെ തുടർന്നുള്ള മാലിന്യമെന്ന പേരിൽ പാളയം മാർക്കറ്റിൽ നിന്നുൾപ്പെടെയുള്ള അറവു മാലിന്യങ്ങളുമായി വാഹനങ്ങളെത്തിയത്. തുടർന്ന്. വേൾഡ് മാർക്കറ്റിന്റെ ഗേറ്റ് പൂട്ടിയിട്ട് ജീവനക്കാർ ലോറി തടയുകയായിരുന്നു. പൊങ്കാലയെ തുടർന്നുള്ള ചെറിയ അളവ് മാലിന്യം വേൾഡ് മാർക്കറ്റിന് പിന്നിൽ നിക്ഷേപിക്കാൻ കഴിഞ്ഞദിവസം നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനുമതി തേടിയിരുന്നു. ഇതിന്റെ മറവിലാണ് കൂടുതൽ മാലിന്യം നിക്ഷേപിക്കാൻ നീക്കമുണ്ടായത്. മൂന്നു ലോഡ് മാലിന്യങ്ങളാണ് ആദ്യം എത്തിയത്. ഇത് നിക്ഷേപിച്ചു കഴിഞ്ഞപ്പോഴാണ് നഗരത്തിലെ ചന്തകളിൽ നിന്നുള്ള മാലിന്യമാണെന്ന് അറിയുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വേൾഡ്മാർക്കറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതിഷേധിച്ചു. മാലിന്യം കുത്തിനിറച്ച അഞ്ച് ലോഡാണ് പിന്നാലെ എത്തിയത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലത്തെത്തിയെങ്കിലും വേൾഡ് മാർക്കറ്റ് അധികൃതർ ലോറി കടത്തിവിട്ടില്ല.