general

ബാലരാമപുരം: പാതിവഴിയിലായ ബാലരാമപുരം- കാട്ടാക്കട റോഡിന്റെ നിർമ്മാണം മാർച്ച് പത്തിനകം ആരംഭിക്കും. നിർമ്മാണം ആരംഭിച്ച കരാറുകാരൻ മരിച്ചതോടെയാണ് പണി മുടങ്ങിയത്. മരാമത്തിന്റെ കീഴിലുള്ള ബാലരാമപുരം കാട്ടാക്കട റോഡിന്റെ നിർമ്മാണ ചുമതല 2019 ൽ ദേശീയപാത അതോറിട്ടി ഏറ്റെടുത്തിരുന്നു. എം.എൽ.എമാരായ ഐ.ബി. സതീഷ്,​ അഡ്വ. എം. വിൻസെന്റ് എന്നിവരുടെ അവസരോചിത ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. മാർച്ചിൽ തന്നെ റോഡിന്റെ പുനഃരുദ്ധാരണവും ടാറിംഗും തുടങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറിയതായി ഐ.ബി. സതീഷ് എം.എൽ.എ വ്യക്തമാക്കി. ബാലരാമപുരം –കാട്ടാക്കട റോ‌ഡിലെ മരണക്കുഴികളിൽ അകപ്പെട്ട് വാഹനയാത്രികർ നട്ടം തിരിയുകയാണ്. ബാലരാമപുരം മുതൽ കാട്ടാക്കട വരെ ഓടയുടെ നിർമ്മാണം നേരത്തെ പൂർത്തീകരിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പുതിയ കരാറുകാരന് 8.05 കോടി രൂപ അനുവദിച്ച് ദേശീയപാത വിഭാഗം വർക്ക് കൈമാറിയിട്ടുണ്ട്. ബാലരാമപുരം മുതൽ എരുത്താവൂർ വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് കൂടുതൽ വെല്ലുവിളിയുയർത്തുന്നത്.

ആദ്യഘട്ടം ബാലരാമപുരം മുതൽ

1. ബാലരാമപുരം മുതൽ കാട്ടാക്കട വരെ റോഡിന്റെ പുനഃരുദ്ധാരണം പുതിയ കരാറുകാരൻ ഏറ്റെടുത്തു.

2. ബാലരാമപുരം പഞ്ചായത്ത് ഓഫീസ് മുതൽ ടാറിംഗ് ആരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി

3. റോഡ് തകർന്നുകിടക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ചെടികൾ നട്ട് പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു.

4. ടാർലഭിക്കുന്നതിനുള്ള ക്ഷാമം മാറിയാൽ മാർച്ച് ആദ്യവാരം റോഡിന്റെ പുനഃരുദ്ധാരണം ആരംഭിക്കും.

5. ബാലരാമപുരം –കാട്ടാക്കട റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കോവളം,​ കാട്ടാക്കട മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിലുൾപ്പെട്ട ബി.എം ആൻഡ് ബി.സി റോഡുകളുടെ നിർമ്മാണം പൂർത്തിയാവും.

റോഡ് തകർന്നു കിടക്കുന്നത്

പഞ്ചായത്ത് ഓഫീസ്,​ പഴയ രേണുക കല്യാണമണ്ഡപത്തിന് സമീപം,​ തണ്ണിക്കുഴി,​ റെയിൽവേക്രോസ്,​ തേമ്പാമുട്ടം,​ ചാനൽപ്പാലം ജംഗ്ഷൻ

ആറ് മാസം കാലാവധി

ബാലരാമപുരം –കാട്ടാക്കട റോഡിന്റെ നവീകരണം ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് പുതിയ കരാർ. പ്രാദേശിക എതിർപ്പുകൾ വഴിമാറുകയും ടാർക്ഷാമം വെല്ലുവിളിയാവാതെയുമായാൽ അഞ്ച് മാസത്തിനുള്ളിൽ പണികർ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരൻ പറയുന്നത്. പൊട്ടിപ്പൊളിഞ്ഞ് ദുരിതക്കയമായ എരുത്താവൂർ മുതൽ ബാലരാമപുരം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ദേശീയപാത വിഭാഗം അസി. എൻജിനിയർ കരാറുകാരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ടാറിംഗിന് മുന്നോടിയായി റോഡിൽ മെറ്റലിട്ട് താത്കാലിക സുരക്ഷിതത്വം വേണമെന്ന് ആവശ്യമുയർന്നെങ്കിലും അത് ഒഴിവാക്കി. റോഡ് പുതിയ കരാറുകാരൻ ഏറ്റെടുത്ത സാഹചര്യത്തിൽ നിർമ്മാണജോലികൾ വീണ്ടും വൈകുമെന്ന കാരണത്താലാണ് മെയിന്റനൻസ് ഒഴിവാക്കിയത്. മാർച്ച് ആദ്യവാരം തന്നെ നിർമ്മാണം ആരംഭിച്ച് സെപ്റ്റംബറിനുള്ളിൽ തന്നെ ടാറിംഗ് പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം ബാലരാമപുരം പഞ്ചായത്ത് ഓഫീസ് മുതൽ ആരംഭിക്കും.

വിജയരാജ്,​ ദേശീയപാത വിഭാഗം അസി. എൻജിനിയർ

ബാലരാമപുരം പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ബാലരാമപുരം കാട്ടാക്കട റോഡിന്റെ നിർമ്മാണജോലികൾ മാർച്ച് ആദ്യവാരം തുടങ്ങുന്നത് സ്വാഗതാർഹം. ആദ്യഘട്ട ടാറിംഗ് ജോലികൾ ബാലരാമപുരത്ത് നിന്നും ആരംഭിക്കാൻ സമയോചിത ഇടപെടൽ നടത്തിയ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.

വി.മോഹനൻ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ