1

പൂവാർ: അരുമാനൂരിനും പൂവാറിനും മദ്ധ്യേ ശൂലംകുടിയിലെ കൈപ്പൂരി കുളിക്കടവ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടം ജനവാസം കുറഞ്ഞ പ്രദേശമാണ്. ഇരുട്ടിന്റെ മറവിൽ അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദിനം പ്രതി വർദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും ഉപേക്ഷിക്കുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ച് കീറി റോഡിലേക്ക് തള്ളും. കാക്കകളും പരുന്തും അവയെ സമീപത്തെ നീരുറവകളിലും വീട്ട് മുറ്റത്തും കിണറുകളിലും കൊണ്ടിടുന്നതായും നാട്ടുകാർ പരാതി പറയുന്നു. റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ അപകടവും പതിവാണ്. ടൂ വീലറുകളിൽ എത്തുന്നവരെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് സമീപവാസികൾ പറയുന്നു. കൈപ്പൂരി കുളിക്കടവും സമീപ പ്രദേശങ്ങളും കാട് മുടിയ അവസ്ഥയിലാണ്. ആൾക്കാർ കുളിക്കാനും നനയ്ക്കാനും വരാതായതോടെ കടവ് ഉപയോഗ ശൂന്യമായി. ഇപ്പോൾ ദൂര സ്ഥലങ്ങളിൽ നിന്നു പോലും മാലിന്യം വാഹനങ്ങളിലാണ് ഇവിടെ കൊണ്ടു തള്ളുന്നത്. ഇതിനെതിരെ പൂവാർ ഗ്രാമ പഞ്ചായത്തിനോട് നാട്ടുകാർ പരാതി പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലന്നാണ് സാമൂഹ്യ പ്രവർത്തകൻ പി.കെ. ലസീംദാസ് പറയുന്നത്. ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ശൂലംകുടിയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.