laya

തിരുവനന്തപുരം: തൃശൂരിലെ ഒളരിയിൽ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്ക് ലയ രാജേഷ് യാത്ര തുടങ്ങുമ്പോൾ ഉള്ളുനിറയെ യുവമനസുകളുടെ മൗനനൊമ്പരമായിരുന്നു. എന്നാൽ ആധിയുടെ തീക്കാറ്റിനിടെ ഒരു ചാറ്റൽ മഴയാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ലയ സെക്രട്ടേറിയറ്റ് നടയിൽ നിന്ന് മടങ്ങുകയാണ്. തന്റേതടക്കമുള്ളവരുടെ ജോലിക്കാര്യത്തിൽ പ്രത്യാശയുടെ തിരി കൊളുത്താൻ കഴിഞ്ഞതിന്റെ സംതൃപ്തി ആ മുഖത്ത് വിടർന്നിരുന്നു. സെക്രട്ടേറിയറ്റിൽ മന്ത്രി എ.കെ. ബാലനുമായി നടന്ന ചർച്ചയ്‌ക്ക് ശേഷം കന്റോൺമെന്റ് ഗേറ്റിലൂടെ പുറത്തെത്തുമ്പോൾ ഇറ്റുവീണ കണ്ണീരിന് ഉപ്പോ മധുരമോ എന്ന് നിശ്ചയമില്ല ലയയ്‌ക്ക്.

കാലിക്കറ്റ് സർവകലാശാലയുടെ വിദൂരപഠന കോഴ്സിൽ ഡിഗ്രി സോഷ്യോളജിക്ക് പഠിക്കുന്ന ലയ തൃശൂർ ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയിലെ 583-ാം റാങ്കുകാരിയാണ്. ജീവിതത്തിൽ സർക്കാർ ഉദ്യോഗത്തിന് ശേഷിക്കുന്ന അവസാന അവസരം. ഉദ്യോഗത്തിന്റെ ആർഭാട കസേരയിലിരിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്തിരുന്നെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിലെ പാതയോരത്ത് പൊടിയും തണുപ്പുമേറ്റ് 35 ദിവസങ്ങൾ സഹനസമരം നടത്തേണ്ടി വരില്ലായിരുന്നു. 23 വർഷങ്ങൾക്ക് മുമ്പ് അച്ഛൻ ജയപ്രകാശിന്റെ മരണത്തോടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ അടുത്തറിഞ്ഞു തുടങ്ങി.

വീട്ടമ്മയായ മാതാവ് ഷീല ഏറെ ബുദ്ധിമുട്ടി പഠിപ്പിച്ചു. ഭർത്താവ് രാജേഷ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പോറ്റുന്നത്. ലയ സമരമുഖത്തേക്ക് എത്തിയപ്പോൾ രാജേഷും ഒപ്പം കൂടി. മക്കളായ അദ്വൈതിനെയും (എട്ടാംക്ളാസ്), ദീക്ഷിതിനെയും (അഞ്ചാം ക്ളാസ്) നോക്കുന്ന ചുമതല ഷീലയ്‌ക്കായി.

180 പേർക്കെങ്കിലും നിയമനം നൽകിയാൽ തനിക്കും ജോലി കിട്ടുമെന്ന ചിന്തയിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്രുകാരെ സംഘടിപ്പിക്കാൻ ശ്രമിച്ചത്. നൂറു കണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കിടക്കുകയാണെന്ന അറിവ് ആവേശമായി. എല്ലാ ജില്ലകളിലും ഇതേ തസ്തികയിലെ റാങ്ക് ഹോൾഡേഴ്സിനെ സംഘടിപ്പിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഇതിലൂടെയുള്ള ആശയ വിനിമയമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരമുഖത്തെത്തിച്ചത്. പിന്തുണച്ച എല്ലാവർക്കും നമസ്കാരം പറഞ്ഞ് നന്ദിയോടെ ലയയും കൂട്ടരും ഇന്ന് നാടുകളിലേക്ക് മടങ്ങും.