election

തിരുവനന്തപുരം: നിയമസഭയിലേക്ക് അങ്കത്തിന് തീയതി കുറിക്കപ്പെട്ടതോടെ രാഷ്‌ട്രീയകക്ഷികളുടെ 'യുദ്ധപ്പുര'കളിൽ രാപകലില്ലാതെ 'തീയും പുകയും' തന്നെ! ഡിജിറ്റൽ പോരിന് ആയുധങ്ങൾ തയ്യാറാകുന്നതും മൂർച്ചവയ്‌ക്കുന്നതും എതിർപാളയത്തിലേക്ക് ഒളിഞ്ഞും തെളിഞ്ഞും തൊടുക്കുന്നതുമൊക്കെ ഈ യുദ്ധപ്പുരകളിലാണ്. രാഷ്ട്രീയകക്ഷികളുടെ സോഷ്യൽ മീഡിയാ സെല്ലിന്റെ പുതിയ പേരാണ് വാർ റൂം.അത്ര ചെറുതല്ലാത്ത എ.സി മുറി. കമ്പ്യൂട്ടറുകൾക്കു മുന്നിൽ 30 മുതൽ 35 വരെ പേരുണ്ടാകും. ഇവരാണ് യുദ്ധത്തിൽ പ്രയോഗിക്കേണ്ട സൈനിക സാമഗ്രികൾ പണിയുന്നത്. ആദ്യം സ്വന്തം പാർട്ടിക്കു വേണ്ടി. പിന്നെ മുന്നണിക്കു വേണ്ടി. ഈ സൈബർ പോരാളികളിൽ പാർട്ടി ഭാരവാഹികൾ കുറവായിരിക്കും. മിക്കവരും പക്കാ പ്രൊഫഷണൽസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഈസിയായി യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന ട്രോളുകൾ, സ്റ്റാറ്റസ് വീഡിയോകൾ, പോസ്റ്റുകൾ തുടങ്ങിയവ തയ്യറാക്കി പ്രചരിപ്പിക്കുകയാണ് ഉദ്യോഗം.സ്വന്തം പാർട്ടിയിലെ നേതാക്കളെ പുകഴ്ത്തിയും എതിർപക്ഷത്തെ ആക്ഷേപിച്ചുമായിരിക്കും പോസ്റ്റുകൾ. ആക്രമണം രണ്ടു രീതിയിലാണ്- തെളിഞ്ഞും ഒളി‌ഞ്ഞും! നേരെ പ്രയോഗിക്കുന്ന 'ആയുധങ്ങളി'ൽ സംഘടനയുടെ പേര് മുദ്ര ചെയ്തിട്ടുണ്ടാകും. വ്യക്തമായ രാഷ്ട്രീയ ആരോപണങ്ങളാകും ഏറെയും. ഐ.ടി നിയമപ്രകാരം കേസാകാൻ സാദ്ധ്യതയില്ലാത്തതും, സഭ്യത ലംഘിക്കാത്തതുമായ ആരോപണങ്ങളാകും അവ. ഒളിഞ്ഞുള്ള സൈബർ ആക്രമണങ്ങളിൽ സംഘടനകളുടെ പേരുണ്ടാകില്ല. പോരാളി ഷാജി, തേരാളി വാസു, കൊണ്ടോട്ടി അബു, കുരുക്ഷേത്ര... എന്നൊക്കെയുള്ള പേരുകളിലായിരിക്കും ഈ 'സൈബർ ഗറില്ലകൾ' അറിയപ്പെടുന്നത്.

2014- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടു കൂടിയാണ് സൈബറിടങ്ങൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അന്ന് ബി.ജെ.പി ഉയർത്തിക്കാട്ടിയ നരേന്ദ്രമോദിക്കായി പ്രൊഫഷൽസിനെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച 'നമോ' വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അതേ ചുവടുപിടിച്ചായിരുന്നു പിന്നീട് പല കക്ഷികളുടെയും പ്രചാരണം. പെട്ടെന്ന് ആകർഷിക്കുന്ന വിശേഷണങ്ങളിലൂടെ നേതാവിനെ വോട്ടർമാരുടെ മനസ്സിലേക്ക് ഇടിച്ചു കയറ്റുകയാണ് ടെക്‌നിക്! 'തെക്കിന്റെ വല്യേട്ടൻ' എന്നാണ് കൊല്ലം ജില്ലയിലെ നേതാവിനായി ഒരു കക്ഷി തയ്യാറാക്കിയ 'ക്യാച്ച് വേഡ്.' ഇമ്മാതിരി വേണ്ടത്ര വിശേഷണങ്ങൾ വാർ റൂമിൽ ഒരുങ്ങിവരുന്നുണ്ട്.പാർട്ടി പ്രവർത്തകരിൽ നിന്നും മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. കണ്ടന്റ് റൈറ്റേഴ്സ് എന്നൊരു വിഭാഗമാണ് ഇവ ആയുധരൂപത്തിലാക്കുന്നത്. ചിത്രവും നിറവുമൊക്കെ നൽകിക്കഴിയുമ്പോഴേക്ക് പ്രയോഗസജ്ജമാകും. വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഏറെയും പ്രചരിപ്പിക്കപ്പെടുന്നത്. സ്വന്തം പാർട്ടിക്കാരുടെ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനൊപ്പം എതിരാളികളുടെ ഗ്രൂപ്പിൽ കടന്നു കയറി കലിപ്പുണ്ടാക്കൻ വ്യാജ പ്രൊഫൈലുകാരെയും രംഗത്തിറക്കും.

എതിരാളികൾ തിരിച്ച് ഇതേ പണിയുമായി എത്തുമ്പോൾ രണ്ടും കൽപ്പിച്ച് എതിർക്കാനിറങ്ങുന്നതും ഇവർ തന്നെ.

എതിരാളികളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ, പൊലീസ് കേസുകൾ, നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകൾ എല്ലാം വാർറൂം പോരാളികൾ കുത്തിപ്പൊക്കും. സോഷ്യൽ മീഡിയാ സെൽ ഇല്ലാതെ കുഞ്ഞുകക്ഷികൾക്കു പോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നതാണ് സ്ഥിതി. പഴയതുപോലെ ചുവരെഴുത്തും പോസ്റ്ററും നോട്ടീസും മൈക്കുമായി ഓടിനടന്നിട്ടു കാര്യമില്ല; സൈബറിലാണ് യഥാർത്ഥ പ്രചാരണം!