pic1

നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കൊട ഉത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ എട്ടോടെ ക്ഷേത്ര തന്ത്രി ശങ്കര നാരായണന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. കൊട മാർച്ച് 9ന്. മറുകൊട 16 ന്.

തെലങ്കാന ഗവർണർ തമിഴ് ഇസൈ സൗന്ദർ രാജൻ, ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, കുളച്ചൽ എ.എസ്.പി വിശ്വേശ് ശാസ്ത്രി, വിജയ കുമാർ എം.പി, പ്രിൻസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. തെക്കൻ കേരളത്തിൽ നിന്നും ധാരാളം പേരെത്തി. കേരളീയ താന്ത്രിക വിധിപ്രകാരമാണ് പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 5ന് വലിയ പടുക്ക പൂജ, 8 ന് വലിയ തീവെട്ടി അലങ്കാര എഴുന്നെള്ളിപ്പ്. 9ന് രാത്രി 12ന് ഒടുക്കു പൂജയോടെ ഉത്സവം സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ച് 84മത് ഹിന്ദു മഹാ സമ്മേളനത്തിനും ഇന്നലെ തുടക്കമായി. തെലങ്കാന ഗവർണർ തമിഴ് ഇസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്തു . ഡി.ഐ.ജി പ്രവീൺ കുമാർ അഭിനവിന്റെ നിർദ്ദേശപ്രകാരം കുളച്ചൽ എ. എസ്. പി വിശ്വേശ് ശാസ്ത്രിയുടെ നേതൃത്വത്തിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചു. എല്ലാ വർഷവും തിരുവനന്തപുരത്തു നിന്ന് മണ്ടയ്ക്കാട്ടേക്ക് തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷനുകൾ പ്രത്യേക സർവീസുകൾ നടത്താറുണ്ട് എന്നാൽ, ഇത്തവണ കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളിയിക്കാവിള മുതൽ മാത്രമാണ് ബസ് സർവീസുകൾ.