
നെടുമങ്ങാട്: ചരിത്രത്തിൽ ഇടംപിടിച്ച പഴയ രാജപാതയുടെ നവീകരണം നെടുമങ്ങാട് നിവാസികൾക്ക് ഏറെ ആവേശമാണ് നൽകിയത്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവും മുന്നെ അനധികൃത ഹെവി വാഹനങ്ങളുടെ മരണപ്പാച്ചിലിൽ മനം നൊന്ത് അധികാരികളെ സമീപിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. രാവും പകലുമില്ലാതെ അമിത ഭാരം നിറച്ച വലിയ ലോറികളുടെ ഇരമ്പമാണ് സ്ഥലവാസികളെ ഭയപ്പെടുത്തുന്നത്. റോഡരികിലെ വീടുകളിൽ താമസിക്കുന്നവർ കുട്ടികളുടെ സുരക്ഷയോർത്ത് ആകുലപ്പെടുന്നു. കുഞ്ഞുങ്ങൾ വീട്ടുമുറ്റത്ത് ഇറങ്ങാതെ കാവൽ നിൽക്കുകയാണ് പലരും. അപകടങ്ങളും പൈപ്പ് പൊട്ടലും കുടിവെള്ള മുടക്കവും തുടർക്കഥയായി. കുമ്മി പമ്പ് ഹൗസിൽ നിന്നും സർക്കാർ ജീവനക്കാരുടെ വാസകേന്ദ്രമായ നെട്ട ഹൗസിംഗ് ബോർഡ് ക്വാർട്ടേഴ്സിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും നീളുന്ന പൈപ്പ്‌ലൈനുകൾ അമിതഭാരം തങ്ങാതെ, തകർന്നടിഞ്ഞ് ശുദ്ധജലം പാഴാവുന്നത് സ്ഥിരം കാഴ്ചയാണ്. അഞ്ചര മീറ്റർ മാത്രം വീതിയിൽ നിർമ്മിക്കുന്ന സിംഗിൾ ലൈൻ റോഡിൽ പ്രതിദിനം അമ്പതിലധികം ക്വാറി വാഹങ്ങളാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ബി.എം ആൻഡ് ബി.സി സാങ്കേതിക മികവോടെ ഒന്നാംഘട്ട ടാറിംഗാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ചെങ്കോട്ട സംസ്ഥാന ഹൈവേയിലെ കല്ലമ്പാറയിൽ തുടങ്ങി എം.സി റോഡുമായി നെടുമങ്ങാടിനെ ബന്ധിപ്പിക്കുന്ന വട്ടപ്പാറ - വാളിക്കോട് റോഡിൽ സന്ധിച്ച്, നെട്ട -കുമ്മിപ്പള്ളി വഴി കരകുളം കെൽട്രോൺ ജംഗ്‌ഷനിൽ സംഗമിക്കുന്ന രാജകീയ പാതയുടെ നവീകരണമാണ് പൊല്ലാപ്പായത്. റോഡ് വക്കിൽ താമസിക്കുന്നവർക്ക് രാത്രിയിൽ തങ്ങളുടെ വാഹനങ്ങൾ നടുറോഡിൽ പാർക്കു ചെയ്ത് പോകേണ്ട സ്ഥിതിയാണ്.
 ആറു മാസം മുമ്പ് പണി ആരംഭിച്ച നെട്ട - തോട്ടുമുക്ക് റോഡിൽ ഹെവി വാഹനങ്ങളുടെ അനധികൃത ഓട്ടവും പൈപ്പ് പൊട്ടലും രണ്ടാംഘട്ട ടാറിംഗിന് വെല്ലുവിളിയാകുന്നു
 തോട്ടുമുക്കിൽ കുണ്ടും കുഴിയും !
നാല് ഘട്ടങ്ങളായാണ് രാജപാതയുടെ പണി നിശ്ചയിച്ചിട്ടുള്ളത്. തോട്ടുമുക്ക് മുതൽ കുമ്മിപ്പള്ളി വരെയുള്ള ഒരു കി.മീറ്റർ ഇപ്പോഴും കുണ്ടും കുഴിയുമായി കിടപ്പാണ്. കുമ്മിപ്പള്ളിയിൽ നിന്ന് കെൽട്രോൺ ജംഗ്‌ഷൻ വരെയുള്ള മൂന്ന് കി.മീറ്റർ ഭാഗം തുടക്കത്തിൽ തന്നെ നവീകരിച്ചു. മുളമുക്ക് മുതൽ കല്ലമ്പാറ വരെയുള്ള രണ്ടര കി.മീറ്റർ ഭാഗമാണ് ആദ്യംഘട്ട ടാറിംഗ് പൂർത്തിയായ ഉടനെ ഹെവി വാഹനങ്ങൾ കൈയടക്കിയത്. ആദ്യ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ വിസമ്മതിച്ചതും ടാറിന്റെ ലഭ്യതയിലുണ്ടായ ക്ഷാമവുമാണ് നിർമ്മാണം വൈകിയതിന് കാരണമായി പി.ഡബ്ലിയു.ഡി നെടുമങ്ങാട് സെക്ഷൻ ജീവനക്കാരുടെ വിശദീകരണം. ആകെ 6 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത്. അടങ്കൽ തുക അപര്യാപ്തമാണെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ 1.50കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.