
തിരുവനന്തപുരം: കഴിഞ്ഞ 22 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവരുന്ന സമരം കടുപ്പിക്കാൻ സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. മന്ത്രി എ.കെ.ബാലനുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടും സർക്കാരിൽ നിന്നു രേഖാമൂലം ഉറപ്പു ലഭിക്കാത്തതിനാലാണിത്.
മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് മഹാസംഗമം നടത്തും. ജസ്റ്റിസ് കമാൽപാഷ ഉദ്ഘാടനം ചെയ്യും.. 2800 ലധികം പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. 3200 വേക്കൻസികളും 400 എൻ.ജെ.ഡി ഒഴിവുകളുമുണ്ട്.റാങ്ക് ലിസ്റ്റ് കാലാവധി തീരും മുമ്പുണ്ടായിരുന്ന 3200 ഒഴിവുകൾ ആ ലിസ്റ്റിൽ നിന്ന് നികത്തണമെന്നും സമരക്കാർ
ആവശ്യപ്പെടുന്നു.
സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സിന്റെ കാര്യത്തിൽ 2021 ഡിസംബർ 31 വരെയുള്ള 1200 പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഒഴിവുകൾ തിട്ടപ്പെടുത്തുന്നതിലോ റിപ്പോർട്ട് ചെയ്യുന്നതിലോ അപാകത വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നുമാണ് ചർച്ചയ്ക്ക് ശേഷം സർക്കാർ പുറത്തിറക്കിയ മിനിട്ട്‌സിൽ പറയുന്നത്.