
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുമ്പ്, വൈകിയുള്ള കണ്ണിലെ
കരടെടുക്കലായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാർ ചർച്ച. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് റാങ്ക്ഹോൾഡേഴ്സ് അസോസിയേഷന് സർക്കാർ ചില ഉറപ്പുകൾ നൽകിയത് ആശ്വാസകരമാണ്. എന്നാൽ, സിവിൽ പൊലീസ് ഓഫീസർ റാങ്കുകാർക്ക് പ്രത്യാശയുടെ ഒരു തരിയും ലഭിച്ചില്ല.
മന്ത്രി തലത്തിൽ ചർച്ച വേണമെന്നും ,തങ്ങളുടെ ആവശ്യമെങ്കിലും സർക്കാർ അംഗീകരിച്ചാൽ ആ നിമിഷം സമരം അവസാനിപ്പിക്കുമെന്നുമാണ് ലാസ്റ്റ് ഗ്രേഡുകാർ പറഞ്ഞിരുന്നത്. എന്നാൽ ,സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ചർച്ച സാദ്ധ്യമാവില്ലെന്നുമുള്ള നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇതോടെയാണ് സമരക്കാർക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് നിരാഹാര സമരം തുടങ്ങിയത്. ലാസ്റ്റ് ഗ്രേഡുകാർക്കും സി.പി.ഒ മാർക്കും പുറമെ നിയമനാംഗീകാരം കിട്ടാത്ത അദ്ധ്യാപകർ, ഫോറസ്റ്റ് വാച്ചർ റാങ്ക് ജേതാക്കൾ, കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗക്കാർ, റിസർവ് ഡ്രൈവർമാർ തുടങ്ങിയവരും സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ഒളിമ്പിക്സിലെ വെള്ളി -വെങ്കല മെഡൽ ജേതാക്കളും ശക്തമായി സമരരംഗത്ത് വന്നു. ഇവർക്ക് നേരത്തെ തന്നെ സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നതാണ്. സമരങ്ങളുടെ കുത്തൊഴുക്ക് വന്നതോടെയാണ് ഉദ്യോഗസ്ഥ തല ചർച്ചയെന്ന സമവായത്തിലേക്ക് സർക്കാരെത്തിയത്. സമരക്കാരുടെ മനോഗതം സർക്കാരിനെ അറിയിക്കുകയല്ലാതെ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ല.
ഇതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് അറിയാമായിരുന്നിട്ടും ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ചത് മുറവിന്മേൽ തെല്ല് എണ്ണപുരട്ടാനാണ്.പ്രചാരണ ചൂടിലേക്ക് ഇറങ്ങാനുള്ള പുറപ്പാടിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന്റെ തീവ്രതയിൽ എന്തെങ്കിലും അനിഷ്ടങ്ങളുണ്ടാവുന്നത് പ്രതിച്ഛായ തകർക്കുമെന്നും സർക്കാർ തിരിച്ചറിഞ്ഞു. സമരത്തിന്റെ തീവ്രത അധികകാലം നിലനിറുത്തിപ്പോവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് എന്തെങ്കിലും ഉറപ്പു കിട്ടിയാൽ സമരം അവസാനിപ്പിക്കാൻ എൽ.ജി.എസുകാരെ പ്രേരിപ്പിച്ചത്. 2020 ജൂൺ 30 ന് കാലാവധി അവസാനിച്ച ലിസ്റ്റ് ഇനി നീട്ടാനാവില്ലെന്ന ന്യായമായ വാദമാണ് സി.പി.ഒ റാങ്കുകാരുടെ കാര്യത്തിൽ കൈക്കൊണ്ടത്. എന്നാൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നപ്പോഴുള്ള
3200 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നതാണ് അവരുടെ പരാതി.
യൂത്ത് കോൺ.സമരം
ഇന്നവസാനിപ്പിക്കും
തിരുവനന്തപുരം:പിൻവാതിൽ നിയമനങ്ങൾക്കെതിരേയും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുംയൂത്ത് കോൺഗ്രസ് നേതാക്കൾ 15 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നിറുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമര പന്തലിലെത്തി നാരങ്ങ നീര് നൽകി നിരാഹാരം സമരം അവസാനിപ്പിക്കും.